ഹൈറേഞ്ചിലെ സഹകരണമേഖലയില്‍ നിന്നും ചായപ്രിയര്‍ക്ക് പുതു രുചിയേകാന്‍ സഹ്യ ടീ വിപണിയിലെത്തുന്നു. തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് അമ്പലമേട്ടില്‍ ആരംഭിച്ച ടീ ഫാക്ടറിയില്‍ ഉത്പ്പാദിപ്പിക്കുന്ന ശുദ്ധമായ തേയിലയാണ് സഹ്യ ടീ. തേയിലപ്പൊടിയുടെ വിപണനോദ്ഘാടനം ശനിയാഴ്ച (16-ാം തീയതി) രാവിലെ 10.30 ന് കാമാക്ഷി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി നിര്‍വ്വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ. ജോയിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി.വര്‍ഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.റ്റി. അഗസ്റ്റ്യന്‍, ജില്ലാപഞ്ചായത്തംഗങ്ങളായ ലിസമ്മ സാജന്‍, നോബിള്‍ ജോസഫ്, നബാര്‍ഡ് ഡി.ഡി.എം അശോക് കുമാര്‍ നായര്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ലാലു തോമസ്, ത്രിതല ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ സ്വാഗതവും സെക്രട്ടറി രവീന്ദ്രന്‍ എ.ജെ നന്ദിയും പറയും.

സഹകരണമേഖലയ്ക്ക് വികസന കുതിപ്പാകുന്നതിനൊപ്പം വിലതകര്‍ച്ച നേരിട്ടിരുന്ന ജില്ലയിലെ ചെറുകിട തേയിലകര്‍ഷകര്‍ക്ക് ആശ്വാസവുമാണ് സഹകരണബാങ്കിന്റെ തേയില ഫാക്ടറി. എട്ട് കോടിയോളം രൂപ മുതല്‍ മുടക്കുളള ഫാക്ടറിയുടെ പ്രവര്‍ത്തനോദ്ഘാടനം 2017 നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. മഴക്കാലമാകുന്ന ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ തേയില കൊളുന്തിന്റെ ഉല്പ്പാദനം വര്‍ദ്ധിക്കും. ഈ സീസണില്‍ കൊളുന്ത് എടുക്കുന്ന സ്വകാര്യ ഏജന്‍സികളും വന്‍കിട കമ്പനികളും വിലപരമാവധി കുറയ്ക്കുകയും എടുക്കല്‍ കൂലിയായി കിലോയ്ക്ക് അഞ്ചുരൂപ പോലും ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍് തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍കൈ എടുത്ത് തേയിലഫാക്ടറി സ്ഥാപിച്ചത് കര്‍ഷകര്‍ക്ക് സഹായമായി. ഈ സീസണ്‍ സമയത്ത് കിലോയ്ക്ക് 15 രൂപയ്ക്കാണ് കൊളുന്ത് ഫാക്ടറിയില്‍ എടുക്കുന്നത്. ഉല്പ്പാദനം കുറഞ്ഞ കാലയളവില്‍ കിലോയ്ക്ക് 20 രൂപവരെ മുന്‍പ് കര്‍ഷകര്‍ക്ക് നല്കിയിരുന്നു. അതുകൊണ്ടണ്ടു തന്നെ മറ്റു വന്‍കിടകമ്പനികളും കര്‍ഷകര്‍ക്ക് ന്യായമായ വിലനല്കാന്‍ നിര്‍ബന്ധിതരായി.

കാമാക്ഷി ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും 3500 ഓളം ചെറുകിടകര്‍ഷകര്‍ക്കു പുറമെ ജില്ലയിലെ വിവിധഭാഗങ്ങളിലുളള കര്‍ഷകര്‍ക്കും ഫാക്ടറിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. കര്‍ഷകര്‍ ചേര്‍ന്ന് ബാങ്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് കര്‍ഷകരില്‍ നിന്നും കൊളുന്ത് ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്നത്. ബാങ്കിന്റെ നേതൃത്വത്തിലുളള പരിശീലനം ലഭിച്ച കാര്‍ഷിക കര്‍മ്മസേനാ അംഗങ്ങളാണ് കൊളുന്ത് എടുക്കലും തേയിലത്തോട്ടത്തിലെ മറ്റ് കൃഷിപ്പണികളും ചെയ്തുവരുന്നത്. മൂന്നു ഷിഫ്റ്റുകളിലായി ഒരു ദിവസം 21000 കിലോ പച്ചക്കൊളുന്ത് അരയ്ക്കുന്നതിനുളള ശേഷി ഫാക്ടറിക്കുണ്ട്. ഒരു ദിവസം 5000കിലോ തേയിലപ്പൊടി ഉല്പ്പാദിപ്പിക്കാം. എട്ട് ഗ്രേഡ് തേയിലപ്പൊടിയാണ് വിപണിയിലിറക്കുന്നത്. ഇതിലൂടെ പ്രതിദിനം ഏഴര ലക്ഷം രൂപയുടെ വിറ്റു വരവാണ് പ്രതീക്ഷിക്കുന്നതെന്ന് സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പൊതുവിപണികള്‍, സഹകരണ സംഘങ്ങളുടെ നീതി,നന്മ സ്റ്റോറുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഇ-ലേലം തുടങ്ങിയവയിലൂടെ സഹ്യ ടീ ജനങ്ങളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 40 പേര്‍ക്ക് ഫാക്ടറിയിലുള്‍പ്പെടെ പ്രത്യക്ഷമായും പരോക്ഷമായും 250 ഓളം പേര്‍ക്ക് ജോലി നല്കുവാനും ഫാക്ടറിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. ചെറുകിടതേയില കര്‍ഷകരെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് മോചിപ്പിക്കാനായതിനൊപ്പം ഉപഭോക്താക്കള്‍ക്ക് മായംകലരാത്ത ശുദ്ധമായ തേയിലപ്പൊടി എത്തിക്കുവാന്‍ സാധിക്കുന്നതും ബാങ്കിന് അഭിമാനനേട്ടമാണെന്നും പ്രസിഡന്റ് റോമിയോ സൊബാസ്റ്റ്യന്‍ പറഞ്ഞു.