കോട്ടയം: മുന്‍ഗണനയുടെ അടിസ്ഥാനത്തിലും തിരക്ക് ഒഴിവാക്കിയും കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതിന് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം വിജയം. പ്രത്യേകമായി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്നുതന്നെ കൃത്യ സമയം അറിയിച്ച് എസ്.എം.എസ് നല്‍കുന്നത്.ആദ്യ ഡോസ് എടുത്ത് കൂടുതല്‍ ദിവസം പിന്നിട്ടവര്‍ക്കാണ് മുന്‍ഗണന. ഓരോരുത്തര്‍ക്കും സമയം നല്‍കുന്നതുകൊണ്ടുതന്നെ ഓരേ സമയം കൂടുതല്‍ ആളുകള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തുന്ന സാഹചര്യം ഒഴിവാകും. മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ കഴിയാത്തവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും രണ്ടാം ഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ സാധിക്കും.
ചങ്ങനാശേരി വടക്കേരയില്‍ താമസിക്കുന്ന മുട്ടാര്‍ സ്വദേശി സജി കുര്യന്‍ തയ്യാറാക്കിയ ഗിഗ്കാര്‍ട്ട് ആപ്ലിക്കേഷനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സൗജന്യമായി ലഭ്യമാക്കിയത്. കോവിന്‍ പോര്‍ട്ടലില്‍ ഇത്തരം ക്രമീകരണത്തിനുള്ള സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് ആപ്ലിക്കേഷന്‍റെ സാധ്യത പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.കോവിഡ് കാലത്ത് പല സ്ഥാപനങ്ങളിലും തിരക്ക് ഒഴിവാക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുവിതരണ കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ ഇത് ഉപയോഗിക്കാനാകും-ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സജി പറയുന്നു.
വാർഡ് തലത്തിൽ ആശാ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും തയ്യാറാക്കുന്ന പട്ടികയില്‍നിന്നാണ് രണ്ടാം ഡോസ് വാക്സിനേഷനുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത്. രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ അതത് പ്രദേശത്തെ ആശാ പ്രവര്‍ത്തകരെ വിവരമറിയിച്ചാല്‍ മതിയാകുമെന്ന് കളക്ടര്‍ പറഞ്ഞു.