*തൊഴിലവസര ബോധവത്കരണ ശില്പശാലയും മൊബൈല്‍ ആപ്പും
മന്ത്രി ഉദ്ഘാടനം ചെയ്തു
പട്ടിക വിഭാഗത്തില്‍പ്പെട്ട അമ്പതിനായിരം യുവാക്കള്‍ക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ തൊഴില്‍ ലഭ്യമാക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന് പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച തൊഴിലവസര ബോധവത്കരണ ശില്പശാല ഉദ്ഘാടനവും മൊബൈല്‍ ആപ് ലോഞ്ചിംഗും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
പട്ടിക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചു വരുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യമായി പിന്നാക്കമായിപ്പോയ ഈ വിഭാഗങ്ങളെ ശാക്തീകരിക്കാന്‍ കേവലം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാത്രം പോരാ. വിദ്യാഭ്യാസ കാര്യങ്ങളിലും തൊഴില്‍ ലഭ്യതയിലും പട്ടിക വിഭാഗക്കാരെ ശാക്തീകരിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ രംഗത്ത് മുന്നേറാന്‍ ഓരോ കുട്ടിക്കും പരമാവധി സഹായം സര്‍ക്കാര്‍ ഉറപ്പു വരുത്തും. വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നൂറ് ശതമാനം വിജയമാണെന്നും സംസ്ഥാനത്ത് മോഡല്‍ റസിഡന്‍ഷ്യല്‍ കോളേജുകള്‍ ആരംഭിക്കാന്‍ ആലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 248 ഹോസ്റ്റലുകളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് വീടിനോട് ചേര്‍ന്ന് 120 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള 25000 പഠനമുറികളും ആദിവാസി മേഖലയില്‍ ഊര് അടിസ്ഥാനത്തില്‍ സാമൂഹിക പഠന മുറികളും നിര്‍മിച്ചു വരികയാണ്.
അഭ്യസ്ത വിദ്യരായ പട്ടിക വിഭാഗക്കാര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സഹായിക്കാനും മത്സര പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിന് വേണ്ടത്ര പരിശീലനം നല്കുന്നതിനുമാണ് വകുപ്പ് ഹാന്‍ഡ് ഹോള്‍ഡിങ് സെല്‍ ആരംഭിച്ചത്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് ആവശ്യമായ തൊഴില്‍ നൈപുണ്യം നല്‍കുന്നതിന് ഫിനിഷിംഗ് സ്കൂളുകളും ആരംഭിച്ചു. പ്രൊഫഷണല്‍ ബിരുദധാരികള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ തുടങ്ങാന്‍ സ്റ്റാര്‍ട് അപ് മിഷന് ആരംഭിച്ചു. പട്ടിക വിഭാഗക്കാര്‍ സംരംഭകരായി മാറിയാല്‍ ആ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും അതിനായി വകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനകം 600 പേര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് പരിശീലനം നേടിയ 1634 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കി. എറണാകുളത്തും തിരുവനന്തപുരത്തും നടത്തിയ തൊഴില്‍ മേളകളിലൂടെ 600 പേര്‍ക്ക് തൊഴില്‍ നല്കാന് കഴിഞ്ഞു. എല്ലാ വര്‍ഷവും തൊഴില്‍ മേള സംഘടിപ്പിക്കും.
ആദിവാസി മേഖലയില്‍ ഗോത്രഭാഷ അറിയാവുന്ന ടി.ടി.സി, ബി.എഡ് ബിരുദധാരികളായ 241 യുവാക്കളെ മെന്‍ഡര്‍ ടീച്ചര്‍മാരായി നിയമിച്ചത് ആദിവാസി മേഖലയിലെ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോകുന്നത് തടയാന്‍ സഹായകമാവുമെന്നും മന്ത്രി പറഞ്ഞു.
ഏഴു ലക്ഷത്തിലധികം വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പ്രയോജനകരമാകും വിധം വകുപ്പിന്റെ പദ്ധതികളെക്കുറിച്ചും വിദ്യാഭ്യാസ തൊഴില്‍ സാധ്യതകളെക്കുറിച്ചും അറിവു പകരുന്ന ഹാന്‍ഡ് ഹോള്‍ഡിംഗ് മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം, ഹോട്ടല്‍ മാനേജ്മെന്റില്‍ പരിശീലനം നേടി കുവൈറ്റില്‍ തൊഴില്‍ ലഭ്യമായ 22 പട്ടിക വിഭാഗക്കാരായ കുട്ടികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം, മൊബൈല്‍ ആപ് ലോഗോ പ്രകാശനം, നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ കരിക്കുലം പ്രകാരമുള്ള പാഠപുസ്തകങ്ങളുടെ പ്രകാശനം എന്നിവ മന്ത്രി നിര്‍വഹിച്ചു.
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ശ്രീകുമാര്‍ , സ്പെഷ്യല്‍ മോണിറ്ററിംഗ് ഓഫീസര്‍ അബ്ദുള്ള കുഞ്ഞ് തുടങ്ങിയവര്‍ സംബന്ധിച്ചു
അഞ്ച് വര്‍ഷത്തിനുളളില്‍ അമ്പതിനായിരം പട്ടിക വിഭാഗ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കും: മന്ത്രി
Home /പൊതു വാർത്തകൾ/അഞ്ച് വര്‍ഷത്തിനുളളില്‍ അമ്പതിനായിരം പട്ടിക വിഭാഗ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കും: മന്ത്രി