പുറക്കാട്ടിരി എ.സി.ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വ്വേദിക് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്ററിന്റെ വികസനത്തിനായി ബൃഹത്തായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനം. തലക്കുളത്തൂര്‍ പഞ്ചായത്തില്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയുടെ ഉപകേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന സെന്ററിന്റെ വികസനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ്, വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ആയുഷ് വകുപ്പില്‍ സര്‍ക്കാര്‍ പുതുതായി സൃഷ്ടിക്കുന്ന തസ്തികകളില്‍ 14 എണ്ണം പുറക്കാട്ടിരിയ്ക്ക് അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് യോഗത്തില്‍ അറിയിച്ചു. ഔഷധത്തോട്ടം ഒരുക്കുന്നത് സംബന്ധിച്ച് വനം വകുപ്പും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ആലോചിച്ച് തീരുമാനമെടുക്കും. നിലവില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ അനുവദിച്ച് നിര്‍മ്മിക്കുന്ന ആശുപത്രിയുടെ ഗേറ്റിന്റെയും റോഡിന്റെയും ഉദ്ഘാടനം ഉടനെ നടത്താനും തീരുമാനമാനായി. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി ജില്ലാ തലത്തില്‍ വിപുലമായ യോഗം വിളിക്കുമെന്ന് വനം മന്ത്രി അറിയിച്ചു.
യോഗത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.പ്രമീള, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.എം.വിമല, ആയൂഷ് വകുപ്പ് സെക്രട്ടറി ഷര്‍മ്മിള മേരി ജോണ്‍, ആയൂഷ് ഡയറക്ടര്‍ ഡോ.പ്രിയ, ജോയിന്റ് ഡയറക്ടര്‍ ഡോ.സിന്ധു, ഡി.എം.ഒ ഡോ.മന്‍സൂര്‍, ജില്ലാ മെഡിക്കല്‍ സൂപ്രണ്ട് ഡോ.പ്രീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കബീര്‍, പുറക്കാട്ടിരി അഡോളസെന്റ് കെയര്‍ സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജാസ്മിന്‍, എടച്ചേരി ആയൂര്‍വ്വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.