ഗര്‍ഭിണികള്‍ക്കായി കോവിഡ് വാക്സിനേഷന്‍, സിക്ക വൈറസ് രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സുകള്‍

ആലപ്പുഴ: ആരോഗ്യവകുപ്പ് ആലപ്പുഴ വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് ഗര്‍ഭിണികള്‍ക്കായി കോവിഡ് വാക്സിനേഷന്‍, സിക്കവൈറസ് രോഗവും പ്രതിരോധവും എന്നീ വിഷയങ്ങളെ കുറിച്ച് ഓണ്‍ലൈന്‍ ബോധവത്ക്കരണ ക്ലാസ്സുകള്‍ ആരംഭിച്ചു. ആരോഗ്യവകുപ്പിന്‍റെ കണക്കു പ്രകാരം ജില്ലയില്‍ 15558 ഓളം ഗര്‍ഭിണികളുണ്ട്. ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ജൂലൈ 19 ന് തുടങ്ങുന്നതുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിനും ഇതുവഴി അവസരമുണ്ട്.

സിക്ക വൈറസ് രോഗം ഗര്‍ഭകാലത്തുണ്ടാക്കുന്ന സങ്കീര്‍ണ്ണപ്രശ്നങ്ങളെക്കുറിച്ചും ചെയ്യാനാവുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസ്സില്‍ നിന്നും അറിവ് ലഭിക്കും. ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഗര്‍ഭിണിയ്ക്കോ കുടുംബാംഗങ്ങള്‍ക്കോ അടുത്തുള്ള അംഗനവാടി പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിയും.ബുധനാഴ്ച കഞ്ഞിക്കുഴി അഡീഷണല്‍ പ്രോജക്ടിന്‍റെയും ആര്യാട് പ്രോജക്ടിന്‍റെയും പരിധിയില്‍ പെടുന്നവര്‍ക്ക് ക്ലാസ്സുകള്‍ നടത്തി.