ഇടുക്കി:  ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി വ്യവസായ മന്ത്രി പി.രാജീവ് ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി സംഘടിപ്പിക്കുന്നു.

ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങള്‍ ആരംഭിച്ചവരേയോ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരേയോ ആണ് മന്ത്രി നേരില്‍ കാണുക. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും സംരംഭകര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താം. അത്തരം പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം.

വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും. പരാതികളോ പ്രശ്നങ്ങളോ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ അവ ചെറുതോണിയിലുള്ള ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ gmdicidk@gmail.com എന്ന ഇ-മെയില്‍ വഴിയോ മുന്‍കൂട്ടി നല്‍കണം.

പരാതിയുടെ പകര്‍പ്പ് meettheminister@gmail.com എന്ന ഇ-മെയിലിലും നല്‍കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. മന്ത്രിയെ കാണേണ്ട സമയം അപേക്ഷകരെ മുന്‍കൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്ന് അറിയിക്കും.
വിശദ വിവരങ്ങള്‍ക്ക് :- ഫോണ്‍ : 04862 235507,235207 , 235410