മലപ്പുറം:  മങ്കട ഗ്രാമപഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന ‘വാക്‌സിന്‍ അറ്റ് ഹോം’ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ നല്‍കി വരുന്നത്.

ഒരു ദിവസം 40 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഓരോ വാര്‍ഡുകളിലെയും കിടപ്പു രോഗികളുടെയും 60 വയസിന് മുകളിലുള്ളവരുടെയും എണ്ണവും വിവരങ്ങളും അതതു വാര്‍ഡുകളിലെ ആശവര്‍ക്കര്‍മാരില്‍ നിന്നും മെമ്പര്‍മാരില്‍ നിന്നും ശേഖരിക്കുകയും അതനുസരിച്ച് വീടുകളിലെത്തി തന്നെ രജിസ്ട്രേഷനും ചെയ്തു കൊടുക്കുന്നു. വാക്‌സിനേഷനായുള്ള രജിസ്ട്രേഷനും മറ്റു സൗകര്യങ്ങളും പഞ്ചായത്തില്‍ നിന്നാണ് ചെയ്തു കൊടുക്കുന്നത്.

മങ്കട സി.എച്ച്.സിയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും അതത് വാര്‍ഡ് മെമ്പര്‍മാരും ഓരോ വാര്‍ഡുകളിലെത്തിയാണ് കിടപ്പിലായവര്‍ക്കും മുതിര്‍ന്ന ആളുകള്‍ക്കും   വാക്‌സിന്‍ നല്‍കുന്നത്. ‘വാക്‌സിന്‍ അറ്റ് ഹോം’ പദ്ധതിക്ക് മുന്‍പായി പ്രവാസികള്‍ക്കും, വ്യാപാരികള്‍ക്കും, ഓട്ടോ തൊഴിലാളികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍, ആര്‍.ആര്‍.ടി, കോവിഡ് മുന്നണി പോരാളികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള പ്രത്രേക വാക്‌സിനേഷന്‍ ക്യാമ്പുകളും പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു.

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗറലി നിര്‍വഹിച്ചു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശംസുദ്ധീന്‍, വൈസ് പ്രസിഡന്റ്  സലീന ഉമ്മര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ ശരീഫ് ചുണ്ടയില്‍, വാര്‍ഡ് അംഗം നസീമ വാപ്പു, ജെ.എച്ച്.ഐ നിതീഷ്, യു .കെ അബൂബക്കര്‍, യു .കെ ഹംസ, പി .പി വാപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.