പാലക്കാട്‌: തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പിലാക്കുമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റിലുള്‍പ്പെട്ട മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് തൃത്താലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.  നിരവധി ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളുള്ള തൃത്താലയില്‍ വെല്‍നസ് ടൂറിസത്തിനുള്ള  മുഴുവന്‍ സാധ്യതകളും ഉള്‍പ്പെടുത്തി പദ്ധതികള്‍ തയ്യാറാക്കുമെന്നും മണ്ഡലത്തിലെ സാംസ്‌കാരിക പൈതൃകം, ചരിത്രപരമായ പ്രത്യേകത സംരക്ഷിക്കുന്ന രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുമരാമത്ത്, ടൂറിസം പദ്ധതികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മന്ത്രി തൃത്താലയിലെത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബജറ്റില്‍ ലിറ്റററി സര്‍ക്യൂട്ട്  പ്രഖ്യാപിക്കുന്നതെന്നും അത് സംസ്ഥാനത്താണെന്നും മന്ത്രി പറഞ്ഞു.

തൃത്താല ഗവ. റസ്റ്റ് ഹൗസ് നവീകരിക്കും

തൃത്താല പി.ഡബ്ല്യു.ഡി   ഗവ. റസ്റ്റ് ഹൗസ് കൂടുതല്‍ വിപുലമാക്കുന്നതിന്  പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം മാന്ത്രി പറഞ്ഞു. മണ്ഡലത്തിലെ മറ്റ് പൊതുമരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. തൃത്താലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ മാപ്പ് തയ്യാറാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു .