* സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി
സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളിൽ ഭേദഗതി വരുത്തി എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫീസുകളിൽ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷൻ ഓഫീസർ തസ്തികയാണ് ഇപ്പോൾ 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർമാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരാക്കി നിയമഭേദഗതി വരുത്തിയത്. വനിത ശിശുവികസന വകുപ്പ് ഡയറക്ടറെ ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസറായും നിയമിച്ചു.
ജില്ലാതലത്തിലെ പ്രൊഹിബിഷൻ ഓഫീസർമാരുടെ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിൽ സ്ത്രീകളെ സഹായിക്കാൻ സന്നദ്ധ സംഘടനകളുടെ താത്പര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. ജില്ലാതല അഡൈ്വസറി ബോർഡ് രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ബോധവത്ക്കരണ പ്രവർത്തനങ്ങളും ശക്തമാക്കി. വിദ്യാർത്ഥികൾക്കായി കോളേജുകൾ, എൻ.എസ്.എസ്. എന്നിവരുമായി സഹകരിച്ച് ജെൻഡർ, സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമങ്ങൾ എന്നീ വിഷയങ്ങളിൽ അവബോധ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
