എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുതല നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ റ്റി.പി.ആര്‍ വളരെ ഉയര്‍ന്ന് നില്‍ക്കുന്ന കൂടുതല്‍ രോഗികളുള്ള വാര്‍ഡുകളില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പുന്റെയും പ്രത്യേക ശ്രദ്ധയുണ്ടാകണം. ഇക്കാര്യത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും കര്‍ശന ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ഐ.ആര്‍.എസ് സമിതികളുടെ സജീവ ഇടപെടല്‍ ഉറപ്പാക്കും.

ലോഡ് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ ആളുകള്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കി. റ്റി.പി.ആര്‍ നിരക്ക് ജി്ല്ലയിലും സ്ഥിരമായി തുടരുകയാണ്.

ജനസംഖ്യ കൂടുതലുള്ള ജില്ല ആയതിനാല്‍ ഇവിടെ ജാഗ്രത ശക്തമായി തുടരേണ്ടതുണ്ടെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. സിക്ക വൈറസ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടികണ്ട് ജാഗ്രത കൂടുതല്‍ ശക്തിപ്പെടുത്താനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഓഫീസിലും പരിസരത്തും കൊതുകു പെരുകുന്ന സാഹചര്യം ഒഴവാക്കാന്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു.

മഴക്കാല ദുരന്തങ്ങളെ നേരിടുന്നതിനായി എല്ലാ വകുപ്പുകളും ദുരന്തനിവാരണ പദ്ധതി പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ വില്ലേജ് തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനായി ക്രമീകരണങ്ങള്‍ ഉറപ്പാക്കണം. താലൂക്ക്, വില്ലേജ് തലങ്ങളില്‍ ഇതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതി തയ്യാറാക്കും. അണക്കെട്ടുകളിലെ ജലം തുറന്നുവിടുന്ന സാഹചര്യമുണ്ടായില്‍ ബുദ്ധിമുട്ട് നേരിട്ടേക്കാവുന്ന പ്രദേശങ്ങള്‍ക്കായി പ്രത്യേക രക്ഷാ സംവിധാനം ഒരുക്കി അത് താലൂക്ക് തലത്തിലും വാര്‍ഡ് തലത്തിലും പ്രാവര്‍ത്തികമാക്കണം.

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയും സിവില്‍ ഡിഫെന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി ഇരിക്കാനുള്ള നിര്‍ദേശം നല്‍കണം. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകള്‍ സജ്ജീകരിച്ച് ആളുകളെ മാറ്റേണ്ടതാണ്. മല്‍സ്യ തൊഴിലാളികള്‍ യാതൊരു കാരണവശാലും മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ കടലില്‍ പോകുന്നില്ലെന്ന് ഫിഷെറീസ് വകുപ്പും കോസ്റ്റല്‍ പോലീസും ഉറപ്പാക്കേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മല്‍സ്യ തൊഴിലാളി ഗ്രാമങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്.

നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, ചില്ലകള്‍ ഒടിഞ്ഞു വീണും, പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുത കമ്പികള്‍ പൊട്ടാനും ഷോക്കേറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് യോഗം നിര്‍ദേശം നല്‍കി.

കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. ലൈനുകളുടേയും ട്രാന്‍സ്‌ഫോമറുകളുടെയും അപകട സാധ്യതകള്‍ പരിശോധിച്ച് മുന്‍കൂര്‍ നടപടികള്‍ ആവശ്യമുള്ളയിടത്ത് അത് പൂര്‍ത്തീകരിക്കേണ്ടതാണ്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍. ആര്‍ വൃന്ദാദേവി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.