എറണാകുളം: കഴിഞ്ഞ ദിവസം മരിച്ച പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി മിറാജുൽ മുൻസിയുടെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് മിറാജുൽ മുൻസിന്റെ ഭൗതിക ശരീരം നാട്ടിലേക്ക് അയച്ചത്.

ഭൗതികശരീരം പശ്ചിമബംഗാളിൽ എത്തിയാൽ ദംദം വിമാനത്താവളത്തിൽ നിന്ന് മുർഷിദാബാദിലെ കാസിപാര, ധനിരംപുർ കോളണിയിലെ വസതിയിലേക്ക് എത്തിക്കുന്നതിന് സൗകര്യം ഒരുക്കണമെന്ന് തൊഴിൽ വകുപ്പിന്റെ അഭ്യർത്ഥനയെ തുടർന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്കും സംഭവത്തിൽ ഇടപെട്ടു. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നഭ്യർഥിച്ച് എറണാകുളം ജില്ലാ കളക്ടർ മുർഷിദാബാദ് ജില്ലാ കളക്ടറോട് ഇമെയിൽ സന്ദേശം അയക്കുകയും ചെയ്തു.

ആക്രി സാധനങ്ങൾ ശേഖരിച്ച് ചേരാനെല്ലൂരിലെ ഗോഡൗണിൽ എത്തിച്ചു നൽകുന്ന ജോലി ചെയ്തിരുന്ന മിറാജുൽ മുൻസി കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വഴിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. വിവരം അറിഞ്ഞ് തൊഴിൽ വകുപ്പ് വിഷയത്തിൽ ഇടപെടുകയും എറണാകുളം രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസറോട്‌ സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് അതിഥി തൊഴിലാളിയുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദേശിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിയിൽ നിന്ന് അനുവദിച്ചിട്ടുള്ള റിവോൾവിംഗ് ഫണ്ട് ഉപയോഗിച്ച് മൃതദേഹം വിമാനമാർഗ്ഗം സ്വദേശത്തെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ അതിവേഗം പൂർത്തിയാക്കി. തുടർന്ന് മിറാജുലിന്റെ ഭാര്യ സുഖിനാ ഖാട്ടൂൻ ബീബിയുടെയും മക്കളായ ഖദീജാ ഖാട്ടൂൻ, ഹബിജു ഖാട്ടൂൻ എന്നിവരുടെ യാത്രച്ചെലവ് തൊഴിലുടമ വഹിക്കാമെന്നേൽക്കുകയും ചെയ്തതോടെ നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയായി.