കാസർഗോഡ്: ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഹരിത കേരളം മിഷന്റെ നേതൃത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ജില്ലാതല യോഗം നടന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തി തുടർപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം ആക്ഷൻപ്ലാൻ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാൻ മുൻകൈ എടുക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം പി സുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഇ.മോഹനൻ പകർച്ചവ്യാധി തടയാൻ രൂപീകരിക്കേണ്ട സംഘടനാ സംവിധാനത്തെക്കുറിച്ചും കൊതുകു പരത്തുന്ന രോഗങ്ങളെക്കുറിച്ചും ക്ലാസ് എടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജില്ലാതല ഏകോപന സമിതി അംഗങ്ങൾ, ഡിഡിഇ, ജില്ലാ മലേറിയ ഓഫീസർ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ, ഹരിത കേരളം മിഷൻ റിസോർസ് പേഴ്‌സൺമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പ്രധാന തീരുമാനങ്ങൾ
· ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, വാർഡ്, സ്ഥാപനതലങ്ങളിൽ റാപിഡ് റെസ്‌പോൺസ് ടീം (ആർ ആർ ടി) രൂപീകരിച്ച് പരിശീലനം ആരംഭിച്ചതായി അറിയിച്ചു. കൊതുക് സാന്ദ്രത പ്രദേശങ്ങൾ കണ്ടെത്തുകയാണ് പഞ്ചായത്ത്/നഗരസഭ തലത്തിൽ ആർ ആർ ടി കൾ ചെയ്യുക.
· പഞ്ചായത്ത് ജാഗ്രത സമിതികൾ, വാർഡു സമിതികൾ, ക്ലസ്റ്ററുകൾ എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കണം. ബോധവൽക്കരണ പരിപാടികൾ, ഗപ്പി വിതരണം, ഫോഗിംഗ്, ഐ.എസ്.എസ് (ഇൻഡോർ സ്‌പെസ് സ്‌പ്രെ) തുടങ്ങിയവ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തും.
· പകർച്ചവ്യാധികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ രോഗികളെ കണ്ടെത്തിയാൽ അവർക്ക് മതിയായ ചികിത്സ ഉറപ്പു വരുത്തുന്നതിന് ജില്ല/ജനറൽ താലൂക്ക് ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.
· കൊതുകു നിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് പകർച്ചവ്യാധികളെ സംബന്ധിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും അവബോധം വളർത്താൻ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും.
· വാർഡുതലത്തിൽ സൂക്ഷ്മതല ആസൂത്രണത്തിന്റെ ഭാഗമായി ശുചിത്വ മാപ്പിംഗും ഹോട്ട്‌സ്‌പോട്ട് ഐഡന്റിഫിക്കേഷനും നടത്തും.