ആലപ്പുഴ: സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ നിന്നുള്ള 1,559 പേർ പരീക്ഷ എഴുതും. ജൂലൈ 26 മുതൽ 31 വരെ നടക്കുന്ന പരീക്ഷയിൽ ഒന്നാം വർഷം വിജയിച്ച പഠിതാക്കളുടെ രണ്ടാം വർഷ പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയായവർക്കുള്ള ഒന്നാം വർഷ പരീക്ഷയുമാണ് നടക്കുക.
ഒന്നാം വർഷ പരീക്ഷയ്ക്ക് 762 പേരും രണ്ടാം വർഷ പരീക്ഷയ്ക്ക് 797 പേരുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പഠിതാക്കളിൽ 1022 പേർ സ്ത്രീകളാണ്. എസ്.സി. വിഭാഗത്തിൽപ്പെട്ട 230പേരും എസ്.ടി. വിഭാഗത്തിൽപ്പെട്ട രണ്ട് പേരുമുണ്ട്. എട്ട് ഹയർ സെക്കണ്ടറി സ്കൂളുകളാണ് തുല്യതാ പരീക്ഷകൾക്കായി തയ്യാറാക്കിയിട്ടുള്ളത്. കായംകുളം ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് കൂടുതൽ പേർ പരീക്ഷ എഴുതുന്നത്. ഇവിടെ 374 പേരാണ് പരീക്ഷ എഴുതുക. 99 പേരുള്ള ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് ഏറ്റവും കുറവ് ആളുകൾ പരീക്ഷ എഴുതുന്നത്.

ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകൾ മാത്രമാണ് തുല്യതാ കോഴ്സിലുള്ളത്. പത്താം തരം വിജയിച്ച 22 വയസ് പൂർത്തിയായവർക്കാണ് തുല്യതാ കോഴ്സിൽ ചേരാൻ അർഹത. പുതിയ ബാച്ചിന്റെ ഓൺലൈൻ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്.