കോവിഡ് സാഹചര്യത്തിൽ അവയവദാനത്തിൽ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അവയവ ദാനം അംഗീകാരം നൽകുന്നതിനുള്ള ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിട്ടു. കോവിഡ് സാഹചര്യത്തിൽ അതത് മെഡിക്കൽ കോളേജുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നോമിനിയായി നിയമിച്ചാണ് ഉത്തരവിട്ടത്. ഇതിലൂടെ അവയവദാനം അംഗീകാരം നൽകുന്നതിനുള്ള ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി വേഗത്തിൽ കൂടി തീരുമാനമെടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതത് മെഡിക്കൽ കോളേജുകളിലാണ് ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി യോഗം ചേരുന്നത്. വിദഗ്ധാംഗങ്ങളുള്ള ഈ കമ്മിറ്റിയിൽ സെക്രട്ടറിയേറ്റിൽ നിന്നും ആരോഗ്യ വകുപ്പിന്റെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ സർക്കാർ പ്രതിനിധിയായി പങ്കെടുക്കാറുണ്ട്. ഏത് ജില്ലയിലായാലും തിരുവനന്തപുരത്ത് നിന്നും ഈ ഉദ്യോഗസ്ഥൻ അവിടെയെത്തിയാണ് തീരുമാനമെടുക്കുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ ദീർഘദൂരം യാത്രചെയ്ത് കമ്മറ്റിയിൽ എത്താൻ പലപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.