തിരുവനന്തപുരം: രക്ഷാപ്രവർത്തനങ്ങൾക്കു കരുത്തേകാൻ വിതുര ഫയർ സ്റ്റേഷന് പുതിയ വാഹനങ്ങൾ. പുതിയ മൾട്ടി യൂട്ടിലിറ്റി വെഹിക്കിളും ആംബുലൻസും സ്റ്റേഷനിൽ എത്തി. ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ 88 പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചിരുന്നു. അതിൽ രണ്ടെണ്ണമാണു വിതുരയ്ക്കായി അനുവദിച്ചിരിക്കുന്നത്.
ചെറിയ റോഡുകളിൽപ്പോലും സുഗമമായി സഞ്ചരിച്ചു രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്നതാണു പുതിയ മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ. മലയോര മേഖലയിൽ ചെറിയ റോഡുകൾ അധികമായുള്ളതിനാൽ പുതിയ വാഹനം രക്ഷാപ്രവർത്തനത്തിന് ഏറെ പ്രയോജനപ്പെടും. പ്രകൃതിക്ഷോഭംപോലുള്ള പ്രതികൂല സാഹചര്യങ്ങളിലും ഇവ ഏറെ സഹായകമാകും.
പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ജി. സ്റ്റീഫൻ എം.എൽ.എ. നിർവ്വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.എസ്. ബാബുരാജ്, വിതുര സ്റ്റേഷൻ ഓഫിസർ എൻ. രാമചന്ദ്രൻ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.