– ഒളിമ്പ്യനും ഗുരുവിനും പഞ്ചായത്തിന്റെ ആദരം
ആലപ്പുഴ: ഒളിമ്പിക്‌സ് കായിക മാമാങ്കത്തിന് ആവേശം പകർന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചയത്ത്. ‘കഞ്ഞിക്കുഴി ഓടുന്നു ഒളിമ്പിക്‌സിനൊപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും കായികതാരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഡി.വി.എച്ച്. എസ്.എസ്. ചാരമംഗലം സ്‌കൂളിലേക്ക് നടത്തിയ ഓട്ടത്തോടെയാണ് പരിപാടിക്കു തുടക്കമായത്. ഒരു വാർഡിൽ നിന്നും മൂന്നു കായികതാരങ്ങളെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത്. ഓട്ടത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി. ഉത്തമൻ നിർവഹിച്ചു.
ആദരവ് സമ്മേളനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. 2000ലെ സിഡ്‌നി ഒളിമ്പിക്‌സിൽ റിലേ മത്സരത്തിൽ പങ്കെടുത്ത കഞ്ഞിക്കുഴി സ്വദേശി ഒളിമ്പ്യൻ മനോജ് ലാലിനെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു ആദരിച്ചു. പച്ചക്കറി കൃഷിയിൽ പേരുകേട്ട കഞ്ഞിക്കുഴിയിൽ നിന്നും മനോജ് ലാലിനെ പോലെ നിരവധി കായിക താരങ്ങളെ വാർത്തെടുത്ത കായിക അധ്യാപകൻ കെ. കെ. പ്രതാപനെ് ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈ രഞ്ജിത്ത്, പഞ്ചായത്ത് അംഗങ്ങളായ പുഷ്പവല്ലി, ബി. ഇന്ദിര, മിനി പവിത്രൻ, ജോഷിമോൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.ജി. ഗീതാ ദേവി, പി.ടി.എ. പ്രസിഡന്റ് എ.അക്ബർ, തുടങ്ങിയവർ പങ്കെടുത്തു.