എറണാകുളം: കോലഞ്ചേരി കടയിരുപ്പിൽ പ്രവർത്തിക്കുന്ന സിന്തൈറ്റ് ഇൻഡസ്ട്രിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളുടെ ദീർഘകാല കരാർ പുതുക്കി നൽകി.

2021 മാർച്ച്‌ മാസം കരാർ അവസാനിച്ചതിന്റെ പശ്ചാത്തലത്തിൽ സിന്തൈറ്റിലെ തൊഴിലാളി സംഘടനകൾ കരാർ പുതുക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ലേബർ ഓഫീസർ പി.എസ്. മാർക്കോസ് മുൻപാകെ വിഷയം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ വകുപ്പ് വിഷയത്തിൽ ഇടപെട്ടത്. തുടർന്ന് ചേർന്ന അനുരഞ്ജന യോഗത്തിൽ പ്രശ്നം പരിഹരിക്കുകയും ദീർഘകാല കരാർ ഒപ്പ് വെക്കുകയും ചെയ്തു.

9750/- രൂപ മുതൽ 14750/- വരെയുള്ള വർദ്ധനവാണ് ഓരോ തൊഴിലാളികൾക്കും ലഭ്യമാകുന്നത്. പലിശ രഹിത ഹൗസിങ് ലോൺ 300000/-ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. പലിശ രഹിത പേഴ്‌സണൽ ലോൺ 100000/-രൂപയായും വാഹന വായ്‌പ്പാ തുകയും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചുകൊണ്ടുള്ള എഗ്രിമെന്റാണ് ഒപ്പുവെച്ചിട്ടുള്ളത്.

മാനേജ്മെന്റും തൊഴിലാളികളും ഒന്നിച്ചു പ്രവർത്തിച്ചാൽ വ്യവസായ അന്തരീക്ഷം മികച്ചതാവുമെന്ന് ജില്ലാ ലേബർ ഓഫീസർ അഭിപ്രായപെട്ടു.

തൊഴിൽ ഉടമപ്രതിനിധികളായി ജിമ്മി ജോസ്, വൈശാഖ്.സി.എം, എ.എസ്. ശശിപ്രകാശ്, എന്നിവരും ട്രേഡ് യൂണിയൻ പ്രതിനിധികളായ അഡ്വ. കെ. എസ്. അരുൺ കുമാർ, എം.കെ.മനോജ്‌, കെ. എൻ. കൃഷ്ണ കുമാർ,നിതീഷ് ബേബി, ബിബിൻ ജോയ്, അനുരാജ്.ബി,(സിന്തൈറ്റ് ഇൻഡസ്ട്രീസ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു )
സിൽവിൻ ബെന്നി ഇട്ടി, ജോബി.ടി.സി, ബെന്നി.കെ.വി (സിന്തൈറ്റ് വെൽഫെയർ അസോസിയേഷൻ (സേവ) തുടങ്ങിയവർ പങ്കെടുത്തു.