സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഹൈടെക് ആകുകയാണ് ചാലക്കുടി ഗവണ്‍െമന്റ് ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍െ്റ ഭാഗമായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിനും പൊതുവിദ്യാഭ്യാസത്തിന്‍െ്റ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തുന്നതിന് ഓരോ നിയോജകമണ്ഡലത്തിലെയും ഒരു സ്‌കൂളില്‍ ഹൈടെക് സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ചാലക്കുടി മണ്ഡലത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത് ഗവ. ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിനെയാണ്. പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണോദ്ഘാടനം മെയ് 26ന് വിദ്യാഭ്യാസമന്ത്രി പ്രൊ. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. 5.3 കോടി രൂപയാണ് നിര്‍മ്മാണ തുക. ആദ്യഘട്ടത്തില്‍ ഒരു അക്കാദമിക് ബ്ലോക്കും അതിനോട് ചേര്‍ന്ന് കിച്ചന്‍ കം ഡൈനിങ്ങ് റൂമുമാണ് നിര്‍മ്മിക്കുക. 19430 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് നിര്‍മാണം. കെട്ടിടത്തില്‍ 12 ക്ലാസ്മുറികള്‍, 4 ലാബുകള്‍, ലൈബ്രറി, 3 സ്റ്റാഫ് റൂമുകള്‍, ടോയലറ്റ് ബ്ലോക്ക്, സ്റ്റോര്‍ റൂം എന്നിവ ഉണ്ടായിരിക്കും. കൂടാതെ ഓപ്പണ്‍ ടു സ്‌കൈ കോര്‍ട്ട് യാര്‍ഡ്, ലാന്‍ഡ് സ്‌കേപ്പിങ്ങ്, സോളാര്‍ ലൈറ്റിങ്ങ് സിസ്റ്റം, മഴവെള്ള സംഭരണി, മാലിന്യസംസ്‌ക്കരണ സംവിധാനം എന്നിവ ഉണ്ടായിരിക്കും. രണ്ടാംഘട്ടമായി 400 മീറ്റര്‍ ട്രാക്ക് ഗ്രൗണ്ട്, ഗ്യാലറി, ഫുഡ്ബോള്‍ കോര്‍ട്ട് , ലോങ്ങ്ജംപ് ട്രാക്ക്, ബയോഡൈവേഴ്സിറ്റി പാര്‍ക്ക് എന്നിവയും നിര്‍മ്മിക്കും.

കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കസണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ ലിമിറ്റഡ് (കിറ്റ്കോ)ആണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രച്ചറല്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷനാണ്(കൈറ്റ്) നിര്‍മ്മാണചുമതല. എക്സിക്യൂഷന്‍ വാട്ടര്‍ ആന്റ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസി (വാപ്കോസ്) നുമാണ്.