സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ രൂക്ഷമായികൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണാന്‍ അടിയന്തര നടപടികളുമായി നഗരസഭയും വനംവകുപ്പും. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മൂടക്കൊല്ലി മുതല്‍ സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ വരെയും ചെതലയം ചേനാട് ഭാഗത്തും റെയില്‍വേ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കും. പ്രശ്‌നപരിഹാരത്തിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ നഗരസഭാധികൃതരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങുന്ന ടീം വനംമന്ത്രിയെ നേരീട്ട് ചെന്നുകാണാനും തീരുമാനമായി.
കുടാതെ നിലവിലെ തകര്‍ന്ന ഫെന്‍സിംഗുകള്‍ അടിയന്തരമായി അറ്റകുറ്റം ചെയ്യും. വൈദ്യുതി ഇല്ലാത്ത ആദിവാസി കോളനികളില്‍ സോളാര്‍ ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്താനും ഇടിഞ്ഞുപോയ ആനക്കിടങ്ങുകള്‍ അടിയന്തരമായി നവീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വാച്ചര്‍മാരുടെ എണ്ണം ആവശ്യാനുസൃതം വര്‍ധിപ്പിക്കുകയും ജനജാഗ്രതാ സമിതികള്‍ യോഗം ചേര്‍ന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യും. ഇതൊടൊപ്പം ആനശല്യം കൂടുതലുള്ള പ്രദേശത്ത് ആര്‍.ആര്‍.ടിയുടെ പട്രോളിങ് ശക്തിപ്പെടുത്തും. നിലമ്പൂരില്‍ നിന്നെത്തിയ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ടീമിന്റെ റബര്‍ ബുള്ളറ്റ് ഉപയോഗപ്പെടുത്തി ശല്യക്കാരായ ആനകളെ തുരത്താനും തീരുമാനമായി. റോഡ് സൈഡില്‍ അപകടമായ രീതിയിലുള്ള ഉണങ്ങിയ മരങ്ങള്‍ മുറിച്ചുനീക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.
യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എല്‍. സാബു അധ്യക്ഷത വഹിച്ചു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ടി. സാജന്‍, ജനപ്രതിനിധികളായ ജിഷ ഷാജി, സി.കെ. സഹദേവന്‍, എല്‍സി പൗലോസ്, പി.കെ. സുമതി, എം.കെ. സാബു, അഹമ്മദ് കുട്ടി കണ്ണിയന്‍, വി.പി. ജോസ്, വി.കെ. ബാബു, കുറിച്യാട് റേഞ്ച് ഓഫിസര്‍ എം. ബാബുരാജ്, ചെതലയം റേഞ്ച് ഓഫിസര്‍ സജികുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ടി. ശശികുമാര്‍, സെക്ഷന്‍ ഫോറസ്റ്റര്‍ വേണു, മനോജ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ജെ. ദേവസ്യ, കെ. ശശാങ്കന്‍, പി. പ്രഭാകരന്‍ നായര്‍, സി.ആര്‍. ഷാജി, ബാബു പഴുപ്പത്തൂര്‍, ഇബ്രാഹീം തൈത്തൊടി എന്നിവര്‍ സംസാരിച്ചു.
