വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പിന്റെ കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ – സിസ് തയ്യാറായതായി വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ. ഐ. സി തയ്യാറാക്കിയ പോർട്ടൽ മുഖേനയാണ് കേന്ദ്രീകൃത പരിശോധനാ സംവിധാനം പ്രവർത്തിക്കുക. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ജൂലൈ 30) ഓൺലൈനിൽ നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, തൊഴിൽ, ലീഗൽ മെട്രോളജി, തദ്ദേശസ്വയംഭരണ വകുപ്പുകൾ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ പരിശോധന കേന്ദ്രീകൃതമായി നടത്താനാണ് പോർട്ടലിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

അടുത്ത ഘട്ടത്തിൽ അഗ്നിരക്ഷാ സേന, ഭൂഗർഭ ജല അതോറിറ്റി, ആരോഗ്യം ഉൾപ്പെടെയുള്ള വകുപ്പുകളെയും കെ – സിസിന്റെ ഭാഗമാക്കും. സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പുള്ള പരിശോധന, പതിവു പരിശോധന, പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധന എന്നിവയാണ് കെ – സിസിലൂടെ നടത്തുക. ലോ, മീഡിയം, ഹൈ റിസ്‌ക്ക് വിഭാഗങ്ങളായി തിരിച്ച് പതിവ് പരിശോധനയ്ക്കുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും. പൊതുജനങ്ങളിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധന വകുപ്പ് തലവന്റെ അനുവാദത്തോടെ മാത്രമായിരിക്കും നടത്തുക.

പരിശോധന നടത്താനുള്ള ഉദ്യോഗസ്ഥരെ പോർട്ടൽ തിരഞ്ഞെടുക്കും. ഒരു സ്ഥാപനത്തിൽ ഒരേ പരിശോധകൻ തുടർച്ചതായി രണ്ട് പരിശോധനകൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തും. എസ്. എം. എസ്, ഇ മെയിൽ മുഖേന പരിശോധനാ അറിയിപ്പ് സ്ഥാപനത്തെ മുൻകൂട്ടി അറിയിക്കും. പരിശോധനാ റിപ്പോർട്ട് കെ – സിസിൽ 48 മണിക്കൂറിനുള്ളിൽ പ്രസിദ്ധീകരിക്കും. പോർട്ടലിൽ ബന്ധപ്പെട്ട വകുപ്പുകൾക്കും സംരംഭകനും ലോഗിൻ ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.

പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുള്ള പരിശോധനകൾക്കായി സംരംഭകർക്ക് പോർട്ടലിലൂടെ അപേക്ഷിക്കാം. ഒരു സ്ഥാപനത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതി പോർട്ടലിൽ ലഭിച്ചാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധനയുടെ ചരിത്രവും പോർട്ടലിലൂടെ അറിയാം. പരിശോധനാ റിപ്പോർട്ട് സംരംഭകന് കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. വ്യവസായ രംഗത്തെ വിവിധ സംഘടനകളുമായി ചർച്ച നടത്തിയാണ് പുതിയ സംവിധാനത്തിന് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.