ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്,ദേശീയാരോഗ്യദൗത്യം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആശ പ്രവര്‍ത്തക്കക്കായി ജില്ലാതല വെബിനാര്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെആര്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഇന്‍ ചാര്‍ജ് ഡോ. എ.വി. രാംദാസ് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജനറല്‍ മെഡിസിന്‍ ഡോ. റിജിത് കൃഷ്ണന്‍ ക്ലാസെടുത്തു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ, ജില്ലാ ആശാ കോര്‍ഡിനേറ്റര്‍ ശശികാന്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ സയന എസ് നന്ദിയും പറഞ്ഞു.

അറിയാം ഹെപ്പറ്റൈറ്റിസ് രോഗത്തെ

കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രോഗബാധിതരുടെ രക്തം, മറ്റു ശരീര സ്രവങ്ങള്‍ വഴിയും എ, ഇ വിഭാഗങ്ങള്‍ മലിനമായ കുടിവെള്ളം, ആഹാരം എന്നിവ വഴിയുമാണ് പകരുന്നത് . നമ്മുടെ നാട്ടില്‍ പകര്‍ച്ചവ്യാധി രീതിയില്‍ കൂടുതലായി കണ്ടുവരുന്നത് എ, ഇ വിഭാഗം ഹെപ്പറ്റൈറ്റിസ് ആണ്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് ഹെപ്പറ്റൈറ്റിസിന്റെ പ്രാരംഭലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പുവരുത്തുക എന്നിവ ചെയ്താല്‍ ഹെപ്പറ്റെറ്റിസ് എ, ഇ വിഭാഗത്തില്‍ പെടുന്ന അസുഖത്തെ പ്രതിരോധിക്കാം. പച്ചകുത്തല്‍, കാത് മൂക്കുകുത്തല്‍ എന്നിവയ്ക്ക് സുരക്ഷിതമായ ഉപകരണങ്ങള്‍ ഉപയോഗിക്കുക. സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏര്‍പ്പെടുക, സുരക്ഷിതമായ രക്തം സ്വീകരിക്കുക, ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളെ പരിശോധിക്കുമ്പോഴും ചികില്‍സിക്കുമ്പോഴും വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുക തുടങ്ങിയവയിലൂടെ ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നീ രോഗങ്ങളെ പ്രതിരോധിക്കാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി, ഡി രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് കേരളത്തിനകത്തും പുറത്തും ലഭ്യമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവ സൗജന്യമാണ്.
പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറല്‍ ഹെപ്പറ്റൈറ്റിസ് 2030 ല്‍ നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഹെപ്പറ്റൈറ്റിസ് രോഗ ലക്ഷണങ്ങള്‍, പകരുന്ന രീതികള്‍, പ്രതിരോധമാര്‍ഗങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്.
ഹെപ്പറ്റൈറ്റിസ് ‘ഇനി കാത്തിരിക്കാന്‍ ആവില്ല’ രോഗനിര്‍ണയവും ചികിത്സയും വൈകിക്കരുത് എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. ഗര്‍ഭകാലത്ത് ഹെപ്പറ്റൈറ്റിസ് ബി പരിശോധന നടത്തുക, നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ നല്‍കുക, പരിശോധനയിലൂടെ നേരത്തെ തന്നെ ഹെപ്പറ്റൈറ്റിസ് രോഗം കണ്ടെത്തുക, പ്രതിരോധത്തിനും ചികിത്സ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുക എന്നീ കാര്യങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണത്തില്‍ പ്രാധാന്യം നല്‍കുന്നത്.