ഇടുക്കി ജില്ലാ പഞ്ചായത്തും ജില്ലാ സ്‌പോർട്‌സ് കൗണ്‍സിലും ചേര്‍ന്ന് ജില്ലയിലെ കായിക സംഘടനാ ഭാരവാഹികളുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. കായിക രംഗത്ത് വന്‍പിച്ച മുന്നേറ്റം നേടിയെടുക്കുന്നതിന് തൃതല പഞ്ചായത്തുകളുടെ മേല്‍നോട്ടങ്ങളില്‍ സംഘടിപ്പിക്കേണ്ട പദ്ധതികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അദ്ധ്യഷത വഹിച്ചു.

തൃതല പഞ്ചായത്തുകളുടെ നേത്യത്വത്തില്‍ ജില്ലയിലെ സമഗ്രമായ കായിക വികസനത്തിന് വേണ്ടിയുള്ള പദ്ധതികള്‍ തയ്യാര്‍ ആക്കാന്‍ സ്‌പോട്‌സ് കൗണ്‍സിലിനെ സഹായിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമ പഞ്ചായത്തില്‍ ഒരു കളി സ്ഥലം എന്ന സർക്കാർ പദ്ധതി നടപ്പിലാക്കും. കഴിവുള്ള കുട്ടികളെ കണ്ടെത്താനും ഭാവിയില്‍ ഒരോ പഞ്ചായത്തിലും ഒരു ദേശീയ താരത്തെ സ്യഷ്ടിക്കുക എന്ന ലഷ്യത്തോടെ ഉള്ള പദ്ധതി തയ്യാറാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് തൃതല പഞ്ചായത്തുകളുടെ സഹകരണം ഉറപ്പു വരുത്താന്‍ ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ ജില്ലാതല യോഗം വിളിച്ച് ചേര്‍ക്കും.

ഗ്രാമീണ സ്‌പോർട്സ് കൗണ്‍സിലുകള്‍ യാഥാര്‍ത്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ വൃക്തമാക്കി. പൊതുജന ആരോഗ്യം സംരഷിക്കുന്നതിന് കായിക രംഗം ജനകീയവത്കരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. കായിക രംഗത്ത് വളരെ അടിയന്തരമായി നടത്തേണ്ട പരിപാടികളെ സംബന്ധിച് ജില്ലാ സ്‌പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി മോഹന്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി സത്യന്‍, സംസ്ഥാന സ്‌പോർട്‌സ് കൗണ്‍സില്‍ അംഗ കെ.എല്‍ ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ജില്ലാ സ്‌പോർട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം സുകുമാരന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.