വയനാട്: ആർ.ജി.സി.ബിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജനിതക ബാങ്കിംങ് പദ്ധതിയുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ പാരമ്പര്യ നെൽവിത്തുകളുടെ വിത്തിടീൽ നടത്തി. ഗ്രാമപഞ്ചായത്തിലെ മക്കിമല പ്രദേശത്തുള്ള ആദിവാസി നെൽ കർഷകരാണ് കൈതക്കൊല്ലി തറവാട്ടിലെ കാരണവരായ ചന്തുവിന്റെ നേതൃത്വത്തിൽ വിത്തു വിതച്ചത്. ചടങ്ങിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ജോസ് പാറയ്ക്കൽ, എസ്.ടി പ്രമോട്ടർ സുരേഷ്, പ്രോജക്ട് അസോസിയേറ്റ് എസ്. റോഷ്നി, ഫീൽഡ് വർക്കർമാരായ ശ്യാം ശങ്കരൻ, അരുൺ രാജഗോപാൽ, എബിൻ എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

ആർ.ജി.സി.ബി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന ആദിവാസി പൈതൃക പഠനത്തിന്റെ ഭാഗമായാണ് കർഷകരുടെ പങ്കാളിത്തത്തോടെ പാടങ്ങളിൽ ജനിത സംരക്ഷണം നടപ്പിലാക്കുന്നത്. 19 ഇനം പരമ്പാരാഗത നെല്ലിനങ്ങളുടെ വിത്തുകളാണ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് എത്തിച്ചു നൽകിയത്. ഓരോ ഇനങ്ങളേയും പ്രത്യേകം തയ്യാറാക്കിയ പാടങ്ങളിൽ വേർതിരിച്ച്‌ നടുകയും അവയുടെ പേരുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. നെല്ലിനങ്ങളുടെ ജനിതക ഘടനയിലും, പോഷക മൂല്യത്തിലുമുള്ള സവിശേഷതകൾ കണ്ടെത്തുന്നതിനുള്ള പഠനങ്ങളും ആർ.ജി.സി.ബി ഡയറക്ടർ പ്രൊ. ചന്ദ്രഭാസ് നാരായണയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം നടത്തി വരുകയാണ്. കർഷകർക്കിടയിൽ പാരമ്പര്യ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവത്കരണ ക്ലാസ്സ്, ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്.