കാക്കനാട്: കൃത്യമായ ഇടവേളകളിലെ പരിശോധനകൾ, പഴുതടച്ച ക്വാറൻ്റീൻ, എല്ലാവർക്കും പ്രതിരോധ വാക്സിൻ …… പ്രവർത്തനങ്ങൾ ഒരു പോലെയെങ്കിലും ജില്ലയിലെ മറ്റു പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമാകുകയാണ് പൂതൃക്ക, പാലക്കുഴ, മാറാടി പഞ്ചായത്തുകൾ. ടി.പി.ആർ എന്ന നിയന്ത്രണ രേഖ ഇതുവരെ പത്തിനു മുകളിൽ കയറിയിട്ടില്ല. അതിനാൽ കോവിഡ് പ്രതിരോധത്തിൽ എ പ്ലസ് ഗ്രേഡുമായി നിൽക്കുകയാണ് ഈ തദ്ദേശ സ്ഥാപനങ്ങൾ.

ക്വാറൻ്റീൻ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് മൂന്ന് പഞ്ചായത്തുകളുടെയും സാരഥികൾ പറയുന്നു. പലപ്പോഴും മുഖം നോക്കാതെ നടപടി സ്വീകരിക്കേണ്ടി വന്നതായി പൂത്തൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി.വർഗീസ്.
കോവിഡ് പോസിറ്റീവ് ആയവരെ വീടുകളിൽ തുടരാൻ അനുവദിക്കാറില്ല. ഇവരെ താമസിപ്പിക്കാൻ ഡി സി സി കൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി. പോസിറ്റീവ് ആയവരുടെ ബന്ധുക്കളുടെ ക്വാറൻ്റിനും കൃത്യതയോടെ നടപ്പിലാക്കി. ഭക്ഷണം ആവശ്യമുള്ളവർക്കു ഭക്ഷണ പൊതികൾ വിതരണം ചെയ്തു. പലചരക്കു സാധനങ്ങൾ അതാത് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ എത്തിച്ചു നൽകും. ഒരു കാരണവശാലും മറ്റുള്ള വരുമായി സമ്പർക്കത്തിൽ എത്താൻ ഇവരെ അനുവദിക്കാറില്ലെന്നും വർഗീസ് പറയുന്നു. അറുപതു ശാനം ആളുകൾക്കും വാക്സിൻ നൽകാൻ പഞ്ചായത്തിനു കഴിഞ്ഞു. 60 വയസു കഴിഞ്ഞ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ഏപ്രിൽ വരെ വാക്സിനെടുത്ത മുഴുവൻ ആളുകൾക്കും രണ്ടാം ഡോസ് വാക്സിനും നൽകി. അടുത്തതായി 45 വയസിനു മുകളിലുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ആൻ്റി ജൻ ടെസ്റ്റായിരുന്നു കൂടുതൽ ആളുകളിലും നടത്തിയത്. പോസിറ്റീവ് ആകുന്നവരെ അപ്പോൾ തന്നെ ഡിസിസികളിലേക്കു മാറ്റും.
നിലവിൽ പഞ്ചായത്തിൻ്റെ ടി.പി.ആർ 1.47 ആണ്. 14 വാർഡുകളിലും പഞ്ചായത്തംഗങ്ങൾ ഒരുമിച്ചുള്ള പ്രവർത്തനമാണ് നടത്തിയതെന്നും പ്രസിഡൻ്റ് പറഞ്ഞു.

യുവജനങ്ങൾ ഒന്നാകെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായപ്പോൾ മഹാമാരിയെ നിയന്ത്രിക്കാൻ കഴിഞ്ഞ പാഠമാണ് പാലക്കുഴ പഞ്ചായത്ത് പഠിപ്പിക്കുന്നത്. വാർഡുതല സമിതികൾ കോവിഡിനെ നിയന്ത്രിക്കാൻ ആത്മാർത്ഥ പരിശ്രമമാണ് നടത്തിയത്. വാക്സിനേഷൻ്റ രജിസ്ട്രേഷൻ നടത്തുന്നതിന് എല്ലാവർക്കും സഹായകമായി മുന്നിട്ടിറങ്ങിയതും യുവജനങ്ങളാണ്. നിലവിൽ പഞ്ചായത്തിലെ 45 വയസിനു മുകളിലുള്ള 99 ശതമാനം ആളുകൾക്കും വാക്സിൻ നൽകിയതായി പ്രസിഡൻ്റ് കെ.എ ജയ പറയുന്നു.
ഒരാൾ കോവിഡ് പോസിറ്റീവ് ആയാൽ അയാളുമായി സമ്പർക്കത്തിൽ വരുന്ന മുഴുവൻ പേരെയും ക്വാറൻ്റീനിൽ ഇരുത്തുകയും ടെസ്റ്റ് നടത്തുകയും ചെയ്യുന്നുണ്ട്. ക്വാറൻറീൻ കാലയളവിൽ ഇവരുടെ പൂർണ്ണമായ ഭക്ഷണ ചെലവും പഞ്ചായത്താണ് ഏറ്റെടുത്തിരുന്നത്. ഇതിനായി ജനകീയ ഭക്ഷണ ശാല പഞ്ചായത്തിൽ പ്രവർത്തനം നടത്തി. ആരോഗ്യ പ്രവർത്തകരും പോലീസും മികച്ച സഹകരണം നൽകി. 13 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ ടി.പി.ആർ 4.45 ആണ്.

കോവിഡ് ടെസ്റ്റിനു പ്രാധാന്യം നൽകിയുള്ള പ്രതിരോധത്തിനാണ് മുൻതൂക്കം നൽകിയതെന്ന് മാറാടി പഞ്ചായത്ത് പ്രസിഡൻ്റ് ഒ.പി. ബേബി.. ആൻ്റിജൻ ടെസ്റ്റായിരുന്നു കൂടുതലും നടത്തിയത്. വ്യാപാരികൾ, ടാക്സി ഡ്രൈവർമാർ, മറ്റു കച്ചവടക്കാർ എല്ലാവരെയും പരിശോധനക്കു വിധേയമാക്കും. മറ്റു അസുഖങ്ങൾക്കായാൽ പോലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന വരെ കോ വിഡ് ടെസ്റ്റ് നടത്തിയായിരിക്കും വിടുക. പൊതുജനങ്ങളുമായി എപ്പോഴും സമ്പർക്കത്തിൽ ഏർപ്പെടുന്ന തൊഴിൽ ചെയ്യുന്നവർ ഓരോ 15 ദിവസം കൂടുമ്പോഴും ആൻറി ജൻ ടെസ്റ്റിനു വിധേയമാകണമെന്ന നിർദ്ദേശവുമുണ്ട്.
വാക്സിൻ നൽകുന്നതിന് രജിസ്റ്റർ ചെയ്യുന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ഇവർക്കായി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സൗകര്യം ഏർപ്പെടുത്തി. പഞ്ചായത്തിൽ ഒരു ഡി.സി.സി നിർബന്ധമായും പ്രവർത്തിപ്പിച്ചിരുന്നു. പഞ്ചായത്തിൻ്റെ ചിലവിൽ മൂന്ന് ഡാറ്റാ എൻട്രി ഓപറേറ്റർമാരെ ഇതിനായി നിയമിച്ചു. കോവിഡ് പോസിറ്റീവ് ആയവരെ നിർബന്ധമായും ഡി.സി.സി കളിലേക്കു മാറ്റി. 13 വാർഡുകളുള്ള പഞ്ചായത്തിൽ നിലവിൽ 7.13 ആണ് ടി.പി.ആർ.