ഇടുക്കി: ഓണ കിറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ കട്ടപ്പനയില്‍ പറഞ്ഞു. ഓണത്തിനുള്ള സൗജന്യ കിറ്റിന്റെ വിതരണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. നാളെ രാവിലെ എട്ടര മുതല്‍ കേരളത്തിലെ 14,000 ല്‍ അധികം കടകളില്‍ ഭക്ഷ്യ കിറ്റിന്റെ വിതരണം ആരംഭിക്കും. 18 ആം തീയതി കൊണ്ട് വിതരണം പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തവണ ഭക്ഷ്യ കിറ്റില്‍ കേരളത്തിന്റെ തനതായ പല ഉല്‍പ്പന്നങ്ങളും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിറ്റ് വിതരണത്തില്‍ രാഷ്ട്രീയമില്ല. കിറ്റ് വിതരണം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ മനഃപൂര്‍വം ഉണ്ടാക്കുന്ന ആക്ഷേപങ്ങള്‍ സര്‍ക്കാരും വകുപ്പും പരിഗണിക്കുന്നില്ല. ഈ വിഷയത്തില്‍ സാധാരണക്കാരായ ജനങ്ങളുടെ സന്തോഷമാണ് സര്‍ക്കാരിന് വലുതെന്നു മന്ത്രി പറഞ്ഞു.

തോട്ടം തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്ന ദിവസം റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നിലവില്‍ ആദിവാസി മേഖലയില്‍ ഈ നയമാണ് സ്വീകരിച്ചിരിക്കുന്നുത്. വിലക്കയറ്റം ഉണ്ടാവാതിരിക്കാന്‍ മാര്‍ക്കറ്റില്‍ സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഉണ്ടാവും. ഓണത്തോടനുബന്ധിച്ച് എല്ലാ ഭക്ഷ്യ ഗോഡൗണുകളിലും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തും. റേഷന്‍ കടകളിലും ഗോഡൗണുകളിലും നടത്തുന്ന പരിശോധനകളിലൂടെ ഭക്ഷ്യയോഗ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അളവിലും തൂക്കത്തിലും കൃത്യത ഉറപ്പ് വരുത്തി ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്കെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാറുന്ന മുറയ്ക്ക് കൂടുതല്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.