നിയമത്തെ സംബന്ധിച്ചുള്ള അജ്ഞത പല കുറ്റകൃത്യങ്ങളും ചെയ്യുന്നതിന് ഒരു ഘടകമായി മാറുന്നുവെന്ന്  നിയമവും വ്യവസായവും വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. നിയമസഭയിലെ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ഏകവാല്യവിജ്ഞാനകോശമായ നിയമവിജ്ഞാനകോശം മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമം അറിയില്ല എന്നുള്ളത് ശിക്ഷയിൽ നിന്ന് രക്ഷപെടുന്നതിനുള്ള ഒരു ഉപാധിയായി നമ്മുടെ ശിക്ഷാനിയമങ്ങൾ അംഗീകരിക്കുന്നില്ല.

അതുകൊണ്ട് ഒരു പൊതു അവബോധം നിയമത്തെക്കുറിച്ചും നിയമ ശാസ്ത്രത്തെക്കുറിച്ചും ഉണ്ടാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. ഇത് പൊതു സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിലെ അജ്ഞത മൂലം അറിവില്ലാത്തവർ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എ.ആർ. രാജൻ സ്വാഗതവും നിയമവിജ്ഞാനകോശം കോ-ഓർഡിനേറ്റർ ആർ. അനിരുദ്ധൻ നന്ദിയും പറഞ്ഞു.