ഇടുക്കി : ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷം സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുസൃതമായി ലളിതമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ പ്രതിനിധി യോഗത്തിലേതാണ് തീരുമാനം.
ജില്ലാതല ആഘോഷം കുയിലിമലയിലെ പൊലീസ് എ ആര്‍ ക്യാമ്പ് മൈതാനിയിലായിരിക്കും നടത്തുന്നത്. രാവിലെ 9 ന് പതാക ഉയര്‍ത്തും.
പ്രത്യേക ക്ഷണിതാക്കള്‍ മാത്രം പങ്കെടുക്കും. പരേഡുകള്‍ ഉണ്ടായിരിക്കില്ല. എം പി, എംഎല്‍എമാര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും അവശ്യം വേണ്ട ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ പ്രത്യേക ക്ഷണിതാക്കളായിരിക്കും ചടങ്ങിന് ഉണ്ടാകുക. തികച്ചും കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പരിപാടികള്‍ നടത്തുന്നത്. എല്ലാവരെയും തെര്‍മല്‍ പരിശോധനയ്ക്ക് വിധേയമാക്കി മാത്രമെ പ്രവേശിപ്പിക്കുകയുള്ളൂ. ഡബിള്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുക എന്നിങ്ങനെയുള്ള കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു. എഡിഎം ഷൈജു പി ജേക്കബ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍, മറ്റ് വകുപ്പുതല പ്രതിനിധികള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.