ഇടുക്കി:  വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ കലാ മത്സരങ്ങളില്‍ വായനാനുഭവം വിഭാഗത്തില്‍ ബെന്യാമിന്റെ ആടുജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച് കോതമംഗലം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലീന ജോയി ഒന്നാം സ്ഥാനം കരസ്ഥമാക്കി. എന്റെ ഇഷ്ട പുസ്തക വിഭാഗത്തില്‍ ഷേക്സിപിയറിന്റെ ഓഥല്ലോയെക്കുറിച്ച് പ്രതിപാദിച്ച കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസുകാരി വിസ്മയ രാഗേഷ് ഒന്നാം സ്ഥാനം നേടി.

എന്റെ ഇഷ്ട കഥാപാത്രം വിഭാഗത്തില്‍ മുരിക്കാശ്ശേരി എസ് എം എച്ച് എസ് എസിലെ ഒന്‍പതാം ക്ലാസുകാരി മെര്‍ലിന്‍ സിജു ഒന്നാം സ്ഥാനവും, അടിമാലി കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി ജൂനിയ വിനോദ് രണ്ടാം സ്ഥാനവും നേടി. ആദ്യ രണ്ടു വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ആരും തെരഞ്ഞെടുക്കപ്പെട്ടില്ല. കോവിഡിന്റെ പാശ്ചാത്തലത്തില്‍ വിജയികള്‍ക്ക് സമ്മാനം തപാലില്‍ അയച്ചു നല്‍കും.