പാലക്കാട്: പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിന് വായ്പ നല്‍കുന്നു. മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. പദ്ധതി അടങ്കലിന് 95 ശതമാനം പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

5 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിന് മുകളില്‍ 10 ലക്ഷം രൂപവരെ ഏഴുശതമാനം പലിശ നിരക്കിലും 10 ലക്ഷത്തിന് മുകളില്‍ 8 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. 84 മാസമാണ് തിരിച്ചടവ് കാലയളവ്.

അപേക്ഷകര്‍ എം.ബി.ബി.എസ്, ബി.ഡി. എസ്, ബി.എ.എം.എസ്, ബി. എസ്.എം.എസ്, ബിടെക്, ബി.എച്ച്.എം.എസ്, ബി ആര്‍ക്ക്, വെറ്ററിനറി സയന്‍സ്, ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍, ബി ഫാം, ബയോടെക്‌നോളജി, ബി. സി.എ, എല്‍.എല്‍.ബി, എം. ബി.എ, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിവരാകണം. പ്രായപരിധി 40 വയസ്സ്.

താത്പര്യമുള്ളവര്‍ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും. ഫോണ്‍: 0491-2505366.