പത്തനംതിട്ട:  കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 750 ഗുണഭോക്താക്കള്‍ പേര് രജിസ്റ്റര്‍ ചെയ്തു. കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കു പരമാവധി 50 ശതമാനം വരെയും ഭക്ഷ്യ സംസ്‌കരണ ഉപകരണങ്ങള്‍ക്കു പരമാവധി 60 ശതമാനം വരെയും സബ്സിഡി ലഭിക്കും.

ചെറുകിട നാമമാത്ര കര്‍ഷകര്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍, വനിതകള്‍ എന്നിവര്‍ക്കു മുന്‍ഗണന ഉണ്ടായിരിക്കും. റബ്ബര്‍ ടാപ്പിങ് യന്ത്രം, ഓയില്‍ മില്‍, റൈസ് മില്‍, പള്‍വറൈസര്‍, വിവിധതരം ഡ്രയറുകള്‍, കൊയ്ത്തുമെതി യന്ത്രം, വൈക്കോല്‍ കെട്ട് യന്ത്രം, ഏണി, അര്‍ബാന, സ്പ്രേയറുകള്‍, തെങ്ങ് കയറ്റ യന്ത്രം തുടങ്ങി കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ നിരവധി യന്ത്രങ്ങള്‍ ഈ പദ്ധതിയില്‍ ലഭ്യമാണ്. പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി കര്‍ഷകര്‍ക്കു നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.

അംഗീകൃത കര്‍ഷക ഗ്രൂപ്പുകള്‍ക്ക്, പാടശേഖര സമിതികള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിനു 80 ശതമാനം വരെ (പരമാവധി 8 ലക്ഷം രൂപ വരെ) സബ്സിഡി അനുവദിക്കും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ജില്ലയിലെ കൃഷി അസി.എക്സി. എഞ്ചിനീയര്‍, പന്തളം കടയ്ക്കാട് ഓഫീസുമായി ബന്ധപ്പെടാം. കൃഷി അസി. എക്സി. എഞ്ചിനീയര്‍ ഫോണ്‍: 8281211692, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫോണ്‍: 8606144290, 9400392685.