നവകേരളമിഷന്‍- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി ഗവ: ഹയര്‍സെക്കന്‍ററി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി 5 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുക. കെട്ടിടങ്ങളും മറ്റ് ഭൗതിക സൗകര്യങ്ങളും ഉള്‍പ്പടെ 9.80 കോടി രൂപയാണ് മൊത്തം നിര്‍മ്മാണചെലവ്. ഇതിലേക്കായി 17 ലക്ഷം രൂപ മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലിയുടെ ആസ്തി വികന ഫണ്ടില്‍ നിന്നും ലഭ്യമാക്കും. പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണോദ്ഘാടനം മെയ് 28ന് വിദ്യാഭ്യാസമന്ത്രി പ്രൊ. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു.
സ്കൂളിലെ ജനകീയ സമിതി, പിടിഎ വികസന സമിതി എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതിക്കാവശ്യമായ പ്ലാന്‍ തയ്യാറാക്കുന്നത്. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ എന്‍റെ മലയാളം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പദ്ധതികള്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ടാലന്‍റ് ലാബ്, ആര്‍ട്ട് സെന്‍റര്‍ പദ്ധതികളും , കായിക വികസനത്തിനായി സ്പോര്‍ട്സ് ഹണ്ട് അക്കാദമിയും തുടങ്ങാനുള്ള പദ്ധതിയും പ്ലാനില്‍ ഉള്‍പ്പെടുന്നു.
നിലവിലുള്ള ഹയര്‍സെക്കന്‍ററി ഓഫീസ് ബ്ലോക്ക്, ഹൈസ്കൂള്‍ ഓഫീസ് ബ്ലോക്ക്, ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ബ്ലോക്ക്, അടുക്കള, ടോയ്ലറ്റ് എന്നിവ പൊളിച്ചുമാറ്റി മൂന്ന് നിലകളിലായി 20706 ചതുരശ്ര വിസ്തീര്‍ണത്തില്‍ ഹൈസ്കൂള്‍ കെട്ടിടവും ഹയര്‍സെക്കന്‍ററി കെട്ടിടവും ഒന്നിച്ച് മെയിന്‍ ബ്ലോക്കായി നിര്‍മ്മിക്കും. ഇതില്‍ 21 ക്ലാസ്സ്മുറികളും 2 കമ്പ്യൂട്ടര്‍ ലാബുകളും, ഓഫീസ് മുറികള്‍, ഡൈനിങ് മുറികള്‍ എന്നിവയും ആദ്യ ഘ’ട്ടത്തില്‍ പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട് ഇന്‍ഡോര്‍ സ്റ്റേഡിയം, ആര്‍ട്ട് സെന്‍റര്‍ തുടങ്ങിയ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കും.