ഇടുക്കി:സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് നിയന്ത്രണ ഇളവുകള്‍ക്കു പിന്തുണയുമായി ഇടുക്കി ജില്ലയിലെ വ്യാപാര സമൂഹം. ജില്ലയുടെ ചുമതലയുള്ള കോവിഡ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. രാജുനാരായണ സ്വാമിയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത വ്യാപാരി സംഘടന, ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് പ്രതിനിധികളുടെ യോഗത്തില്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ചും ഇളവുകള്‍ ഉപയോഗിച്ചും വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു ധാരണയായി.

ഇളവുകള്‍ സംബന്ധിച്ച് വ്യാപാരികളും ഹോട്ടല്‍ പ്രതിനിധികളും ഉന്നയിച്ച ചില വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ രാത്രി 9.30 വരെയാണ് കടകള്‍ തുറക്കാന്‍ അനുമതിയുള്ളത്. കടകളിലെ ജീവനക്കാര്‍ക്ക് രണ്ടാഴ്ചമുമ്പു വരെയുള്ള കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റോ വേണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാഴ്ച മുമ്പുള്ള സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. തങ്ങളുടെ സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരും വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് വ്യാപാരി പ്രതിനിധികള്‍ അറിയിച്ചു. രോഗവ്യാപനനിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ കൊണ്ടുവരുക എന്ന ലക്ഷ്യത്തിനായി കടകള്‍ക്കുള്ളിലും പരിസരത്തും ആളുകള്‍ കൂടുന്നതു ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ചട്ടലംഘനം നടത്തുന്ന ഇടങ്ങളില്‍ മാത്രമേ പോലീസ് ഇടപെടുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി അറിയിച്ചു. സ്വന്തം സ്ഥാപനം കോവിഡ് ചട്ടങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഓരോ സ്ഥാപന ഉടമയും ഉറപ്പുവരുത്തണം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം അനുവദിച്ചിട്ടില്ല. ചിലയിടങ്ങളില്‍ അത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇളവുകളോടു അങ്ങേയറ്റം സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ രോഗവ്യാപനം വളരെ കുറയ്ക്കാനാകും.

വ്യാപാര ആവശ്യത്തിനു പോകുന്ന പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആവശ്യമായ പ്രചാരണം നടത്തുമെന്ന് ജില്ലാ കളകടര്‍ അറിയിച്ചു.