അഭിമാനത്തേരിലേറി ഓട്ടോകാസ്റ്റ്- ആദ്യ റെയിൽവേ ബോഗി അമൃത്സറിലേക്ക് കയറ്റി അയച്ചു

ആലപ്പുഴ : സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിൽ ഉത്തര റെയിൽവേയ്ക്കായി നിർമ്മിച്ച ആദ്യ ട്രെയിൻ ബോഗിയുടെ കയറ്റി അയയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓഗസ്റ്റ് 15നകം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മാസ്റ്റർ പ്ലാനുകൾക്ക് സർക്കാർ അംഗീകാരം നൽകും. മാസ്റ്റർ പ്ലാനുകൾ പ്രകാരം  പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒറ്റത്തവണ സഹായം നൽകും. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ തുക എത്രയാണോ അത് ഒരു തവണകൊണ്ടു നൽകാനാണ് തീരുമാനം. ആദ്യ ആദ്യഘട്ടത്തിൽ നൽകേണ്ട സഹായങ്ങൾ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൈക്കൊണ്ട ക്രിയാത്മകമായ നടപടികളിലൂടെ പൊതുമേഖലയെ ലാഭത്തിൽ എത്തിക്കാൻ സാധിച്ചു. ഈ സർക്കാറിന്റെ  നയവും പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതാണ്. സർക്കാർ അധികാരമേറ്റപ്പോൾ തന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗം വിളിച്ചുചേർത്തതിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാസ്റ്റർ പ്ലാൻ വേണം എന്ന് തീരുമാനിച്ചത്.  ഹ്രസ്വകാലം, ഇടക്കാലം, ദീർഘകാലം എന്നിങ്ങനെയുള്ള മാസ്റ്റർ പ്ലാനുകളുടെ കരട് തയ്യാറാക്കി ഈ മാസം ഒന്നിന് സമർപ്പിക്കാൻ നിർദേശം നൽകിയിരുന്നു. റിയാബിനു കീഴിലുള്ള 45 പൊതുമേഖലാ സ്ഥാപനങ്ങളിൽ 42 എണ്ണത്തെയും ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. മാസ്റ്റർ പ്ലാൻ പരിശോധിക്കാനായി രൂപീകരിച്ച കോർ കമ്മറ്റിയുടെ മാനദണ്ഡപ്രകാരം റിയാബിന്റെ മേൽനോട്ടത്തിൽ ഓരോ സ്ഥാപനവും ഒരു കാരട് മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ആ കരട് മാസ്റ്റർപ്ലാൻ വിദഗ്ധ സംഘം പരിശോധിച്ച് ഓഗസ്റ്റ് 15ന് അംഗീകാരം നൽകാനുമാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അംഗീകാരം ലഭിക്കുന്ന മാസ്റ്റർ പ്ലാനുകളുടെ അടിസ്ഥാനത്തിലാവണം ഓരോ സ്ഥാപനങ്ങളും മുന്നോട്ട് പ്രവർത്തിക്കാനെന്നും മന്ത്രി പറഞ്ഞു.  പുതിയ കാലത്തിനനുസരിച്ച് പുതിയ വെല്ലുവിളികൾ നേരിട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ മാറേണ്ടതുണ്ടെന്നും എല്ലാ സാധ്യതകളും പൊതുമേഖലാ സ്ഥാപനങ്ങൾ പ്രയോജനപ്പെടുത്തണം. ചേർത്തല ഓട്ടോ കാസ്റ്റിനായി സംസ്ഥാന ബജറ്റിൽ മുന്നോട്ടു വെച്ചിട്ടുള്ള എല്ലാ കാര്യങ്ങളും സമയബന്ധിതമായി നൽകാൻ വ്യവസായ വകുപ്പ് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിൽ പി.എസ്.സിക്ക് വിടാത്ത എല്ലാ നിയമനങ്ങളും റിക്രൂട്ട്മെന്റ് ബോർഡിന് കൈമാറും. പൊതുമേഖലാ സ്ഥാപനങ്ങളിൽ 29 മേധാവികളുടെ ഒഴിവാണ് നിലവിലുള്ളത്. ഇത് നികത്താനുള്ള നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

അമൃത്സർ സെൻട്രൽ റെയിൽവേ വർക്ക് ഷോപ്പിലേക്കാണ് ബോഗി അയച്ചത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് ചരക്ക് തീവണ്ടിയുടെ ബോഗി നിർമ്മാണത്തിന് അനുമതി ലഭിക്കുന്നത്. ബോഗിക്ക് രണ്ട് മീറ്റർ വീതിയും രണ്ടര മീറ്റർ നീളവും മുക്കാൽ മീറ്റർ ഉയരവുമുണ്ട്. രണ്ടര ടണ്ണോളം ഭാരവും ഉണ്ട്. രണ്ടര ലക്ഷത്തിലേറെ രൂപയാണ് ഒരു ബോഗിയുടെ നിർമാണ ചിലവ്.

റെയിൽവേ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ അഞ്ച് കാസ്നബ് ബോഗികൾ നിർമ്മിക്കുന്നതിന് ഓട്ടോകാസ്റ്റിന് 2020 മാർച്ചിലാണ് ഓർഡർ ലഭിച്ചത്. 14.5 ലക്ഷം രൂപയാണ് അഞ്ച് ബോഗികൾക്കായി റെയിൽവേ അനുവദിച്ചത്. ബാക്കിയുള്ള നാല് ബോഗികളും സെപ്റ്റംബറിൽ നിർമ്മാണം പൂർത്തിയാക്കും.