932.69 കോടി രൂപയുടെ പത്ത് പദ്ധതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന കിഫ്ബി യോഗം ധനാനുമതി നൽകിയതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ 64,344.64 കോടിയുടെ 912 പദ്ധതികൾക്ക് ആകെ അനുമതിയായിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ 144.23 കോടി രൂപയുടെ ഏഴു പദ്ധതികൾക്കും അനുമതിയായിരുന്നു.

ജലവകുപ്പിന് കീഴിൽ ചെല്ലാനത്ത് തകർന്ന കടൽഭിത്തി നവീകരണത്തിനും തീരദേശ സംരക്ഷണത്തിനു വേണ്ടിയുള്ള പുലിമുട്ടിനുമുള്ള പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. കോവിഡ് രോഗ വ്യാപന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് കീഴിൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ ആശുപത്രികളിൽ പത്ത് കിടക്കകളോടുകൂടിയ ഐസൊലേഷൻ വാർഡുകൾക്കും യോഗത്തിൽ അനുമതിയായിട്ടുണ്ട്. ദേശീയപാത വിപുലീകരണത്തിന് പുതിയ മൂന്ന് സ്‌ട്രെച്ചുകൾക്കായി ഭൂമി ഏറ്റെടുക്കാൻ 1395.01 കോടി രൂപയുടെ അംഗീകാരവും നൽകിയിട്ടുണ്ട്.

പൊതുവിദ്യാഭ്യാസത്തിനായി 10.77 കോടിയുടെയും ആരോഗ്യ രംഗത്ത് 236.43 കോടി രൂപയുടെയും പൊതുമരാമത്ത് വകുപ്പിൽ 103.43 കോടിയുടെയും ജലവിഭവ വകുപ്പിൽ 374.23 കോടിയുടെയും കോസ്റ്റൽ ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷനായി 247.20 കോടിയുടെയും തദ്ദേശസ്വയംഭരണ വകുപ്പിൽ 47.92 കോടിയുടെയും ഫിഷറീസിൽ 57.06 കോടിയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.

കോവളം മുതൽ കാസർകോടു വരെയുള്ള ജലപാതയായ വെസ്റ്റ് കോസ്റ്റ് കനാൽ ഗതാഗത യോഗ്യമാക്കി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോവളം  ആക്കുളം, വേളി  കഠിനംകുളം, വർക്കല എന്നിവിടങ്ങളിലെ 1275 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയും അംഗീകരിച്ചു. കോട്ടയം നാലുകോടി, തൃശൂർ നെല്ലായി, തിരുവനന്തപുരം വെൺകുളം എന്നിവിടങ്ങളിൽ റെയിൽവേ മേൽപാലങ്ങൾ നിർമിക്കാനും അനുമതി നൽകി.
ആകെ അംഗീകാരം നൽകിയ പദ്ധതികളിൽ 23,845.14 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടി പൂർത്തിയാക്കുകയും 21176.35 കോടിയുടെ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.