എറണാകുളം: ദേശീയപാത വിഭാഗത്തിന് കീഴിൽ മൂവാറ്റുപുഴ- കോതമംഗലം ലിങ്ക് റോഡിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ എം.സി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി മൂവാറ്റുപുഴയിൽ നിന്നും കൂത്താട്ടുകുളം വരെ സമാന്തര ബൈപാസ് ആയി ഈ റോഡ് ഉപയോഗപ്പെടുത്താൻ സാധിക്കും.. പദ്ധതിയുടെ ഭാഗമായി 840 മീറ്റർ ഓട, 172 മീറ്റർ ഡി.ആർ വർക്കുകൾ, 245 മീറ്റർ ടൈൽ വർക്കുകൾ, 13 കിലോമീറ്റർ ബി.എം വർക്കുകൾ, പണ്ടിപ്പിള്ളി പാലത്തിന്റെ വീതി വർദ്ധിപ്പിക്കൽ എന്നിവ പൂർത്തിയാക്കി.
നാഷണൽ ഹൈവേ 85 ന്റെ നവീകരണത്തിന്റെ ഭാഗമായി നടന്നുവന്നിരുന്ന കലുങ്കുകൾ കാനകൾ എന്നിവയുടെ നിർമ്മാണം, ടൈൽ വിരിക്കൽ, ഡ്രൈനിങ്, ഗതാഗത സുരക്ഷാ ഉപകരണങ്ങളുടെ സ്ഥാപനം എന്നിവ പൂർത്തീകരിച്ചു. ഈ പാതയിലെ ഗതാഗത കുരുക്കൊഴിവാക്കി കാക്കനാട് , കോലഞ്ചേരി, മറ്റു ടൗണുകൾ എന്നിവിടങ്ങളിലേക്കെത്തുവാൻ സഹായിക്കുന്ന ഒൻപത് റോഡുകളുടെ അറ്റകുറ്റപ്പണകൾ കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു.
കൂടാതെ കോതമംഗലം സബ് ഡിവിഷനിൽ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ പെടുന്ന വനമേഖലയോട് ചേർന്ന് കിടക്കുന്ന കോട്ടപ്പടി-പിണ്ടിമന, നെല്ലിക്കുഴി എന്നീ പഞ്ചായത്തുകളെ കോതമംഗലം പെരുമ്പാവൂർ എന്നീ പ്രധാന ടൗണുകളുമായി ബന്ധിപ്പിക്കുന്ന തങ്കളം- കോട്ടപ്പടി, കുറുപ്പംപടി- കൂട്ടിക്കൽ എന്നീ രണ്ട് ഗ്രാമീണ റോഡുകൾ ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണ്. വാവേലിക്കും പടിപ്പാറക്കുമിടയിൽ 1.50 കിലോ മീറ്റർ റോഡ് വനാതിർത്തിയിലൂടെ കടന്ന് പോകുന്നതാണ്. കൃഷി ഉപജീവനമാർഗമായ മേഖലയിലെ ഭൂരിഭാഗം ജനങ്ങൾക്കും തങ്ങളുടെ ഉത്പന്നങ്ങൾ നഗര വിപണികളിലേക്ക് എത്തിക്കുന്നതിനും പുതിയ പാതകൾ സഹായകരമാകുന്നു.