വികസനത്തിന് കക്ഷിരാഷ്ട്രീയ ഭേദമില്ലെന്ന് പൊതുമരാമത്ത് – രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പുഴയ്ക്കല്‍ ഒന്ന്, രണ്ട് പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായ സൗഹൃദം വികസന കാര്യത്തില്‍ സ്യഷ്ടിക്കലാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. പദ്ധതികള്‍ ജനങ്ങളുടേതാണ്. ഏതെങ്കിലും വ്യക്തിയുടേതല്ല. വികസനത്തിന് തടസമില്ല എന്നുറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
1564 കോടി രൂപയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ അടിസ്ഥാന സൗകര്യ മേഖലയ്ക്കായി നീക്കിവെച്ചത്. സംസ്ഥാനത്ത് ഇത്രയധികം വികസനം നടന്ന കാലമില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 1470 റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ഒരു പദ്ധതിയും നിലവില്‍ മുടങ്ങി നില്‍ക്കുന്നില്ല എന്നത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, മുന്‍ എം.എല്‍.എ. ബാബു എം. പാലിശ്ശേരി, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിജു വര്‍ഗീസ്, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുമ ഹരി, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ആര്‍. ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അജിത കൃഷ്ണന്‍, പി.ആര്‍. സുരേഷ് ബാബു, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തംഗം സി.വി. കുര്യോക്കോസ്, അടാട്ട് ഗ്രാമപഞ്ചായത്ത് അംഗം ടി.ഡി.വില്‍സന്‍ ,കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ രത്നവല്ലി സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി.കെ. ബാല്‍ദേവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അനില്‍ അക്കര എം.എല്‍.എ. സ്വാഗതവും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചനീയര്‍ പി.വി. ബിജി നന്ദിയും പറഞ്ഞു.