സാമൂഹ്യനീതിക്കനുസരിച്ചുള്ള സാര്‍വ്വത്രിക വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കേച്ചേരി ചൂണ്ടല്‍ പാറ പാലം നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാധീനമുള്ളവര്‍ക്കു മാത്രം വികസനം എന്ന പഴയ രീതി മാറ്റി എല്ലാവര്‍ക്കും ഒരുപോലെ നീതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. സര്‍ക്കാരിന്‍റെ നീതിബോധവും സാമൂഹ്യബോധവും മറച്ചുവെച്ച് ചിലര്‍ നടത്തിയ പ്രവത്തനങ്ങള്‍ വിലപ്പോയില്ലെന്നും, നാടിന്‍റെ പൊതുബോധമുണര്‍ത്താന്‍ പ്രാപ്യമായ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെയുള്ള ശാസ്ത്രീയ രീതിയിലുള്ള റോഡുകളുടെയും പാലങ്ങളുടെയും രൂപകല്‍പ്പന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കാനായിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസ്സമാകാതിരിക്കാന്‍ കിഫ്ബി യുടെ സഹായത്തോടെ പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ട് രൂപീകരിച്ചാണ് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു. മുരളി പെരുനെല്ലി എം എല്‍ എ അധ്യക്ഷനായി. പി ഡബ്ലിയയുഡി എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ പി. വി ബിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് കരിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.വി സുമതി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം പത്മിനി, എം. ബി പ്രവീണ്‍, സി. സി ശ്രീകുമാര്‍, ജിജു മാസ്റ്റര്‍, വി കെ യൂസഫ്, സെബാസ്ത്യന്‍ ചൂണ്ടല്‍, ടി ജെ ജോണ്‍സണ്‍, സുധീര്‍ ചൂണ്ടല്‍ എന്നിവര്‍ സംസാരിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ടി. കെ ബല്‍ദേവ് സ്വാഗതവും അസി.എക്സി.എഞ്ചിനീയര്‍ എ.പ്രേംജിലാല്‍ നന്ദിയും പറഞ്ഞു.