ജനകീയാസൂത്രണം നടപ്പിലാക്കിയതിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തോളം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവുന്നു.
ഓഗസ്റ്റ് 17 ന് വൈകുന്നേരം 4.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലയിലെ ആഘോഷ പരിപാടികൾ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

രജത ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്തില്‍ 101 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാര്‍ എം.പിമാര്‍ എം.എല്‍.എ മാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായാണ് സമിതി രൂപീകരിച്ചത്.
ജില്ലാ പഞ്ചായത്ത് കഴിഞ്ഞ 25 വര്‍ഷമായി നടപ്പിലാക്കി വരുന്ന വികസന പരിപാടികളുടെ റിപ്പോര്‍ട്ട് അവതരണം, ജനകീയാസൂത്രണ സ്മരണിക പ്രസിദ്ധീകരണം, രജത ജൂബിലി പ്രോജക്ടുകളുടെ പ്രഖ്യാപനം തുടങ്ങിയവ നടത്തും. സാഹിത്യ സാംസ്‌കാരിക കായിക മേഖലകളില്‍ പ്രശസ്തരായവര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ ആദരിക്കും.