——————–

സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ജില്ലാ ഫെയറിന്‍റെ ഉദ്ഘാടനം സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍. എ അധ്യക്ഷത വഹിച്ചു.

കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി തോട്ടയ്ക്കാട് സ്വദേശിനി കെ ആര്‍ അനിതയ്ക്ക് നല്‍കി നിര്‍വഹിച്ചു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സപ്ലൈകോ മേഖലാ മാനേജര്‍ ഇന്‍-ചാര്‍ജ് എം. സുരേഷ് കുമാര്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി നന്ദിയും പറഞ്ഞു.

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കുടുംബശ്രീ, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ പങ്കാളിത്തതോടെ കെ.പി.എസ് മേനോന്‍ ഹാളില്‍ നടത്തുന്ന ജില്ലാതല ഓണം ഫെയര്‍ ഈ മാസം 20 വരെ തുടരും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രവര്‍ത്തന സമയം.

താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ ഓഗസ്റ്റ് 16ന് സപ്ലൈകോ വിപണന കേന്ദ്രങ്ങളോടു ചേര്‍ന്ന് ആരംഭിക്കും.

പുതുപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, വൈക്കം എന്നിവിടങ്ങളിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പൊന്‍കുന്നം സപ്ലൈകോ പീപ്പിള്‍സ് ബസാറിലുമാണ് ഓണം താലൂക്ക് ഫെയറുകള്‍. കടുത്തുരുത്തി, ഈരാറ്റുപേട്ട സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഓണം മാര്‍ക്കറ്റും മറ്റ് എല്ലാ സപ്ലൈകോ ഔട്ട് ലെറ്റുകളിലും ഓണം മിനി ഫെയറുകളും പ്രവര്‍ത്തിക്കും.