‘മഴമിഴി’ ചിത്രീകരണത്തിന് ജില്ലയിൽ തുടക്കം

ആലപ്പുഴ: കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് കൈത്താങ്ങേകാൻ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ‘മഴമിഴി’ കലാപരിപാടിയുടെ ചിത്രീകരണ പര്യടനം ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം തുടങ്ങി. സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്ലോർ അക്കാദമി, ലളിതകലാ അക്കാദമി, ഗുരു ഗോപിനാഥ് നടന ഗ്രാമം, സംഗീത നാടക അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭാരത് ഭവനാണ് ‘മഴമിഴി’ എന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികൾക്കായി ഒരുക്കുന്നത്. ജീവകാരുണ്യ ദിനമായ ഓഗസ്റ്റ് 28 മുതൽ കേരള പിറവി ദിനമായ നവംബർ ഒന്നു വരെ 65 ദിവസം നീളുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 350 ഓളം കലാ സംഘങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ അവസരമൊരുക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചിത്രീകരണത്തിന്റെ ഉദ്ഘാടനം ഡി.റ്റി.പി.സി. സെക്രട്ടറി മാലിൻ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കാഥികൻ ആലപ്പി രമണനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഭാരത് ഭവൻ കോ-ഓർഡിനേറ്റർമാരായ എ.കെ. ആകർഷ്, ഡി. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. വിവിധ അക്കാദമികളുടെ മേൽനോട്ടത്തിലുള്ള ജൂറി പാനലാണ് കലാ സംഘങ്ങളെ തിരഞ്ഞെടുക്കുന്നത്. samskarikam.org എന്ന വെബ് പേജിലൂടെ രാത്രി ഏഴു മുതൽ ഒമ്പതു വരെയാണ് വെബ്കാസ്റ്റിംഗ് നടക്കുക. മഴമിഴിയേ തുടർന്ന് തളിർമിഴി, വസന്ത മിഴി എന്നീ ശീർഷകങ്ങളിൽ ഒരുക്കുന്ന പ്രോഗ്രാമുകളിലൂടെ കൂടുതൽ കലാ സമൂഹങ്ങളിലേക്ക് സാംസ്‌കാരിക വകുപ്പിന്റെ ധനഹായം എത്തും.