കൊല്ലം: ക്ഷീരകര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന അധിക പാല്‍ സംഭരിച്ച് പാല്‍പ്പൊടിയാക്കുന്നതിനായി സംസ്ഥാനത്ത് പുതിയ ഫാക്ടറിയുടെ നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ക്ഷീരവികസന വകുപ്പ് ചടയമംഗലം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ആശ്വാസ കാലിത്തീറ്റ, കോട്ടുക്കല്‍ ക്ഷീരസംഘം നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഫാക്ടറിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പാല്‍ പൊടിയാക്കുന്നതിന് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാകും. മലപ്പുറം ജില്ലയില്‍ 53 കോടി രൂപ ചെലവഴിച്ചാണ് സംരംഭം എന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ചു മരണപ്പെടുന്ന ക്ഷീരകര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ക്ഷേമനിധി മുഖേന ഏഴ് ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും . ക്ഷീര സംഘത്തില്‍ അംഗമായിട്ടുള്ള കര്‍ഷകരുടെ മക്കള്‍ക്ക് പഠിക്കാനുള്ള ധനസഹായം, കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ക്ഷേമനിധി എന്നിങ്ങനെ ഒട്ടേറെ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ്, ക്ഷീര സാന്ത്വനം തുടങ്ങിയവയും. പാലിന് ഏറ്റവും കൂടുതല്‍ സബ്‌സിഡി നല്‍കുന്ന സംസ്ഥാനമെന്ന നിലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടുക്കല്‍ ശ്രീഗണേഷ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. നൗഷാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ബൈജു, കോട്ടുക്കല്‍ ക്ഷീരസംഘം പ്രസിഡന്റ് സി. ഗീതാകുമാരി, ക്ഷീരവികസന ഓഫീസര്‍ സി. പൗര്‍ണമി തുടങ്ങിയവര്‍ പങ്കെടുത്തു.