കോർപറേഷൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ
ലഭ്യമാക്കാൻ വാർഡ്തല ജനസൗഹൃദ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം തിരുത്തിയാട് അഴകൊടി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊതുജനങ്ങളിൽ നിന്ന് നികുതി സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായി കോഴിക്കോട് കോർപറേഷനിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വാർഡ് തല ജനസൗഹൃദ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലൂടെ സുതാര്യവും കാര്യക്ഷമവുമായ സേവനം ജനങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആഴ്ചയിലൊരിക്കലാണ് ജനസൗഹൃദ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കോർപ്പറേഷൻ റവന്യൂ വിഭാഗമാണ് കേന്ദ്രത്തിന്റെ നേതൃത്വം വഹിക്കുന്നത്. നിലവിൽ തിരുത്തിയാട് വാർഡിൽ മാത്രമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് വാർഡുകളിലും തുടങ്ങും. വാർഡ് തലത്തിൽ കൗൺസിലറുടെ നേതൃത്വത്തിലും കോർപ്പറേഷനിൽ മേയർ, ഡെപ്യൂട്ടി മേയർ എന്നിവരുടെ നേതൃത്വത്തിലും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

നിലവിൽ നികുതി അടയ്ക്കുന്ന കെട്ടിടങ്ങൾക്ക് ഇലക്ട്രൽ വാർഡ് അടിസ്ഥാനത്തിൽ പുതിയ കെട്ടിട നമ്പർ നൽകൽ, റിവിഷൻ അനുസരിച്ചുള്ള വസ്തു നികുതി ചുമത്തൽ, താമസ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, വസ്തു തൊഴിൽ നികുതി സ്വീകരിക്കൽ , കെട്ടിടത്തിന്റെ എയ്ജ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, നിയമാനുസൃത രേഖകൾ ഉള്ളടക്കം ചെയ്ത പെൻഷൻ അപേക്ഷകൾ സ്വീകരിക്കൽ, ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കൽ എന്നിവക്ക് പുറമെ റവന്യൂ വിഭാഗവുമായും നഗരസഭയുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളും വിവിധ സാമൂഹ്യ ക്ഷേമ പെൻഷൻ അപേക്ഷ ഫോറങ്ങൾ ലഭിക്കുന്നതിനും ജനസൗഹൃദ കേന്ദ്രങ്ങൾ ജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

ചടങ്ങിൽ മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ദിവാകരൻ, ഒ.പി. ഷിജിന , ഡോ.എസ്.ജയശ്രീ, പി.സി.രാജൻ, കൃഷ്ണകുമാരി, സി.രേഖ , പി.കെ.നാസർ കൗൺസിലർമാരായ കെ.സി.ശോഭിത , ഒ.സദാശിവൻ, കെ. മൊയ്തീൻ കോയ, ടി.റെനീഷ് , എൻ.സി.മോയിൻ കുട്ടി, എം.എസ്.തുഷാര, കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി, മുൻ മേയർ ടി.പി.ദാസൻ തുടങ്ങിയവർ പങ്കെടുത്തു.