വെള്ളിനേഴി കലാഗ്രാമത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, പാലക്കാട് പ്രവാസി സെന്ററിന്റെ സഹകരണത്തോടെ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾ പി.മമ്മിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തിരുവാഴിയോട് ഗോകുലും സംഘവും അവതരിപ്പിച്ച തുയിലുണർത്തുപാട്ട്, വെള്ളിനേഴി വസന്തയും സംഘവും അവതരിപ്പിച്ച തുമ്പിതുള്ളൽ, വിവിധ കലാകാരികൾ അവതരിപ്പിച്ച ഭരതനാട്യം, കുച്ചിപ്പുടി, കഥകളി എന്നിവ അരങ്ങേറി.
കെ പ്രേം കുമാർ എം.എൽ.എ മുഖ്യാതിഥിയായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ജയലക്ഷ്മി അധ്യക്ഷയായി. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം പരമേശ്വരൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ സി ജലജ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പ്രജീഷ് കുമാർ, പ്രവാസി സെന്റർ ഭാരവാഹികളായ കെ. പ്രദീപ് കുമാർ, കെ.പി രവിശങ്കർ, ഡിടിപിസി സെക്രട്ടറി കെ. ജി അജേഷ് എന്നിവർ സംസാരിച്ചു.
പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് പി. മമ്മിക്കുട്ടി എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജയലക്ഷ്മി, ഡിടിപിസി സെക്രട്ടറി കെ ജി അജേഷ് എന്നിവർ സമ്മാനദാനം നടത്തി.