മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് പോലീസിനും മാതൃകാപരമായ പ്രവര്‍ത്തനം നടത്താനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗര•ാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമത്തെക്കുറിച്ച് കളക്ടറേറ്റില്‍ നടന്ന ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയോജനങ്ങള്‍ വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനായി പലപ്പോഴും അവര്‍ ആദ്യം ആശ്രയിക്കുന്നത് പോലീസിനെയാണ്. അതുകൊണ്ടുതന്നെ മാനുഷിക പരിഗണന നല്‍കി അവരെ സഹായിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാകണം. പ്രശ്‌നപരിഹാരത്തിനായി പോലീസിന് സാമൂഹ്യ നീതി വകുപ്പിന്റെയും മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സഹായം തേടാം-കളക്ടര്‍ പറഞ്ഞു.

മുതിര്‍ന്ന പൗര•ാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ സേവനം ലഭ്യമാക്കുമെന്ന് സബ് കളക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. മുതിര്‍ന്നവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയോ ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ സഹായം തേടുകയോ ചെയ്യാമെന്നും സബ്കളക്ടര്‍ അറിയിച്ചു.

ആര്‍.ഡി.ഒ ഓഫീസില്‍ സന്ദര്‍ശനം നടത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുവേണ്ടി വിമുക്തഭടനായ ജി.കെ. ശാന്തകുമാര്‍  സംഭാവന ചെയ്ത വീല്‍ ചെയര്‍ ജില്ലാ കളക്ടര്‍ ഏറ്റുവാങ്ങി. അഡ്വ. കെ. കെ ജയചന്ദ്രദാസ് ക്ലാസെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്. സബീന ബീഗം, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അലന്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.