തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ ‘സജ്ജം’ പദ്ധതി. പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പു വരുത്തുന്ന പൊതു വൈ ഫൈ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് ‘സജ്ജം’. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വൈ ഫൈ ലഭ്യമാക്കുന്ന പദ്ധതി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സമഗ്രവും ശാസ്ത്രീയവുമായ ഇത്തരം പദ്ധതികളിലൂടെ ഓണ്‍ലൈന്‍ പഠനങ്ങളിലെ തടസം നീക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് പഞ്ചായത്തുകള്‍ക്കും ഈ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാവുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ ഭാഗമായി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 25 അങ്കണവാടികള്‍, ശിശുമന്ദിരം, 36 ഗ്രന്ഥാലയങ്ങളും ക്ലബ്ബും ഉള്‍പ്പെടെ 62 കേന്ദ്രങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പൊതു വൈഫൈ കേന്ദ്രങ്ങള്‍ സജ്ജമാക്കുകയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യമായ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചു.

ടി.പി. രാമകൃഷ്ണന്‍ എം. എല്‍.എ അധ്യക്ഷത വഹിച്ചു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.