ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ പിന്നിലായിപോയ ജില്ലയെ മുന്നിലെത്തിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും പഠിതാക്കള്‍ക്ക് ഒപ്പം രക്ഷിതാക്കളും സഞ്ചരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
കോവിഡ് മഹാമാരി മൂലം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ക്ലാസിനായി ഒരു ദിവസം പോലും സ്‌കൂളില്‍ വരാതെ സെപ്റ്റംബര്‍ ആറ് മുതല്‍ പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും നഗരസഭകളും ചേര്‍ന്ന് നടത്തിയ പരിശീലന പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പോരായ്മകള്‍ മനസിലാക്കി മുന്നേറുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രമുഖ കരിയര്‍ പരിശീലകനും കോട്ടയം നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കോളജ് ഓഫ് എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. പി.സുജിത്രന്‍ ക്ലാസ് നയിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ബീന പ്രഭ, ലേഖ സുരേഷ്, ജിജി മാത്യു അംഗങ്ങളായ കൃഷ്ണകുമാര്‍, ശ്രീനാ ദേവി കുഞ്ഞമ്മ, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എസ്.വി. സുബിന്‍, അംഗങ്ങളും നഗരസഭ കൗണ്‍സിലര്‍മാരുമായ പി.കെ. അനീഷ്, രാജി ചെറിയാന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട്, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. സുധ, പ്രിന്‍സിപ്പല്‍മാരായ ലിന്‍സി എല്‍. സ്‌കറിയ, എം. അഷ്‌റഫ്, അധ്യാപകന്‍ പി.ആര്‍. ഗിരീഷ് കൊടുമണ്‍, സജി വറുഗീസ് പിടിഎ പ്രസിഡന്റ് കെ. ഹരിപ്രസാദ് എന്നിവര്‍ സംസാരിച്ചു.
അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, ആര്‍പിമാര്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരീക്ഷകള്‍ ആസ്വദിക്കണം: ജില്ലാ കളക്ടര്‍
പരീക്ഷകള്‍ ഭാരം ആകരുതെന്നും അത് ആസ്വദിച്ച് എഴുതണമെന്നും ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടത്തിയ പരിശീലന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കളക്ടര്‍. നല്ല ലക്ഷ്യ സ്ഥാനവും ലക്ഷ്യസ്ഥാനത്തെത്താന്‍ നല്ല പാതയും സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. ഭാഗ്യത്തിന്റെ ലിഫ്റ്റിലൂടെയല്ല കഠിന പ്രയത്‌നത്തിന്റെ പടികളിലൂടെ ലക്ഷ്യത്തില്‍ എത്തണമെന്നും വിദ്യാര്‍ഥികളെ കളക്ടര്‍ ആഹ്വാനം ചെയ്തു.