മാന്ദാമംഗലം ക്ഷീരസംഘത്തില്‍ ഇനി മഴവെള്ളം പാഴാകില്ല. ജലക്ഷാമത്തിന് ഉള്‍പ്പെടെ പരിഹാരമാവുകയാണ് സംഘത്തിന്റെ ജലസംഭരണിയിലൂടെ. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെമാന്ദാമംഗലം ക്ഷീരസംഘത്തിലെ ടെറസില്‍ വീഴുന്ന ഓരോ തുള്ളി വെള്ളവും ജലസംഭരണി വഴി ശേഖരിക്കും. അസിസ്റ്റന്റ് ഫോര്‍ കണ്‍സ്ട്രക്ഷന്‍ ഓഫ് റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ് പദ്ധതി പ്രകാരമാണ് ഒല്ലൂക്കര ബ്ലോക്കിലെ മാന്ദാമംഗലം ക്ഷീരസംഘത്തില്‍ മഴവെള്ള സംഭരണി നിര്‍മിച്ചത്. 12,000 ലിറ്റര്‍ മഴവെള്ള സംഭരണശേഷിയുള്ള കോണ്‍ക്രീറ്റ് ടാങ്കാണ് നിര്‍മിച്ചിരിക്കുന്നത്. 3000 സ്‌ക്വയര്‍ ഫീറ്റ് ടെറസില്‍ നിന്നാണ് മഴവെള്ളം സംഭരിക്കുക. ആകെ ചെലവായ 2,80,000 രൂപയില്‍ 2,00,000 രൂപ ധനസഹായമായി വകുപ്പില്‍ നിന്ന് അനുവദിച്ചു.

ക്ഷീരവികസന വകുപ്പിന്റെ 2020-21 വാര്‍ഷിക പദ്ധതിയായ ‘ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ഡിഎല്‍എസില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോടനുബന്ധിച്ചാണ് ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര വികസന വകുപ്പ് പദ്ധതി പൂര്‍ത്തിയാക്കിയത്. കോവിഡ് പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി പാല്‍ ശേഖരണത്തിനും വിതരണത്തിനുമായി മൊബൈല്‍ യൂണിറ്റ് ഒരുക്കിയിരുന്നു. പ്രവര്‍ത്തന മികവിന് ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്ന ഡോ.വര്‍ഗീസ് കുര്യന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും മാന്ദാമംഗലം ക്ഷീര സഹകരണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.