കൊഴിഞ്ഞാമ്പാറ മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ പ്രദേശത്തെ കൂടുതൽ കുളങ്ങൾ നവീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ നവീകരിച്ച മോടമ്പടികുളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജലക്ഷാമം പരിഹരിക്കുന്നതുൾപ്പെടെ നിരവധി പദ്ധതികൾക്കായി കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ 111.77 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആർ.ബി.സി ചെലവ് കൂടി ചേർത്താൽ പൂർത്തിയാക്കിയ പദ്ധതികൾ ഉൾപ്പെടെ 398 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് പ്രദേശത്ത് നടപ്പാക്കുന്നത്. ഇതിന് പുറമെ കുന്നംപിടാരി, വെങ്കലപ്പയം, കമ്പാലത്തറ ഏരികളുടെ പ്രവർത്തനത്തിന് അനുമതി ആയിട്ടുണ്ട്. പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വലിയ ഇടപെടലുകളാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.

കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കാൻ പഞ്ചായത്ത് വിഹിതത്തിന് പുറമെ എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. ഇതോടെ പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളം എത്തിക്കാൻ കഴിഞ്ഞു. രൂക്ഷമായ വരൾച്ച നേരിടുന്ന പ്രദേശമെന്ന നിലയിൽ ജലക്ഷാമം പരിഹരിക്കാൻ മണ്ണ് സംരക്ഷണ വകുപ്പിന്റേത് ഉൾപ്പെടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് ‘പാലക്കാട് ജില്ലയിലെ വരള്‍ച്ചാ നിവാരണം കുളങ്ങളുടെ പുനരുദ്ധാരണത്തിലൂടെ’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിലെ മോടമ്പടികുളം നവീകരിച്ചത്. കുളം പരിസരത്ത് നടന്ന പരിപാടിയില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് അധ്യക്ഷനായി.

പഞ്ചായത്ത് അംഗങ്ങൾ, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍.രാധ, ജനപ്രതിനിധികള്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, ആലത്തൂര്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ വി. ജയകുമാര്‍ എന്നവർ പങ്കെടുത്തു.