തിരുവനന്തപുരം ജില്ലയിലെ വെങ്ങാന്നൂർ ഗ്രാമ പഞ്ചായത്തിൽപ്പെട്ട 21 പട്ടികജാതി കുടുംബങ്ങൾക്കായി നിർമ്മിച്ച ഭവനസമുച്ചയം ഗുണഭോക്താക്കൾക്ക് തുറന്നുകൊടുക്കാത്തതിനെതുടർന്ന് സാമൂഹ്യവരുദ്ധരുടെ താവളമായെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മുൻ പഞ്ചായത്ത് ഭരണസമിതി കെട്ടിടം ഉദ്ഘാടനം ചെയ്‌തെങ്കിലും ലിഫ്റ്റ് സൗകര്യവും ശുദ്ധജല ലഭ്യതയും പൂർണ്ണമായി ഒരുക്കാത്തതും അഗ്നിശമനസേനയിൽ നിന്നുള്ള സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും കാരണമാണ് ഭവനസമുച്ചയം തുറക്കാൻ വൈകുന്നതെന്നായിരുന്നു റിപ്പോർട്ട്. വിഷയം അടിയന്തിരമായി പരിശോധിച്ച് വിശദമായ റിപ്പോർട്ട് ഏഴ് ദിവസത്തിനുള്ളിൽ കമ്മീഷന് സമർപ്പിക്കണമെന്ന് വെങ്ങാന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്ക് നിർദ്ദേശം നൽകി.