പാലക്കാട്‌: സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയര്‍’ ക്യാമ്പയിന്റ ജില്ലാതല ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്തയ്ക്ക് നല്‍കി നിര്‍വഹിച്ചു.

സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡില്‍ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരില്‍ ആ സന്ദേശങ്ങള്‍ എത്തിക്കുകയും വേണം. ശരിയായി മാസ്‌ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കില്‍ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും പങ്കാളിയാകുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.

മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുക, വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുക, സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്ന എസ്.എം.എസ്. കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍, കുട്ടികള്‍, കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക എന്നിവയും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.